ഹൈദരാബാദ് : സൂര്യകുമാര്‍ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് മറികടന്നത്. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.
36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവിന്‍റെയും 48 പന്തിൽ 63 റൺസ് നേടിയ വിരാട് കോലിയുടെയും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഡാനിയൽ സാംസിന്‍റെ ആദ്യ ഓവറിലെ അവസാന പന്തിൽ കെ എൽ രാഹുൽ പുറത്തായി. 4 പന്തിൽ ഒരു റൺസുമായി നിരാശപ്പെടുത്തിയാണ് രാഹുൽ മടങ്ങിയത്. മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മയും തിളങ്ങിയില്ല. 14 പന്തില്‍ 17 എടുത്ത രോഹിത്തിനെ നാലാം ഓവറില്‍ കമ്മിന്‍സ് പറഞ്ഞയച്ചു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന സൂര്യകുമാര്‍ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോള്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആറോവറില്‍ ടീം സ്‌കോര്‍ 50 കടന്നു.
കോലിയെ സാക്ഷിയാക്കി സൂര്യകുമാര്‍ അടിച്ചുതകര്‍ക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വെറും 29 പന്തുകളില്‍ നിന്ന് സൂര്യകുമാര്‍ അര്‍ധസെഞ്ച്വറി നേടി. പിന്നാലെ കോലിയും സൂര്യകുമാറും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. സൂര്യകുമാര്‍ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറി. എന്നാല്‍ 14-ാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ പുറത്തായി. അടിതുടര്‍ന്നെങ്കിലും 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയെ ഹേസല്‍വുഡ് ബൗണ്ടറിക്കരികെ ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു.
പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണ നൽകിയതോടെ കോലി പതിവ് ഫോമിലേക്ക് തിരിച്ചെത്തി. 37 പന്തുകളില്‍ 50 തികച്ച കോലി തന്റെ കരിയറിലെ 33-ാം അര്‍ധസെഞ്ച്വറിയാണ് സ്വന്തമാക്കിയത്.