മുംബൈ :അയര്‍ലന്‍ഡ് (Ireland) പര്യടനത്തിനുള്ള ഇന്ത്യന്‍ (India) ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ (BCCI) പ്രഖ്യാപിച്ചത്. ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ വരുന്ന സാഹചര്യത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുമ്പോള്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്നത് നേരത്തേതന്നെ ഉറപ്പായിരുന്നു. ഇക്കാര്യം, വ്യക്തമാക്കുന്നതാണ് ടീം പ്രഖ്യാപനവും.
ഈ ടീമില്‍ എടുത്ത് പറയേണ്ടത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ മടങ്ങി വരവാണ്. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന താരം ക്യാപ്‌റ്റന്‍ റോളിലാണ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബുംറ നേതൃത്വം നല്‍കുന്ന ടീമില്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഒരുപിടി യുവതാരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
പതിനഞ്ചംഗ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാംസണിനെയും ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. ഇത്, ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് താരം പുറത്താക്കപ്പെട്ടതിന്‍റെ സൂചനയാണോ എന്ന ആശങ്ക ഇപ്പോള്‍ ആരാധകര്‍ക്കിടയിലുണ്ട്. സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും അവസാന ഇലവനിലേക്ക് ജിതേഷ് ശര്‍മയെ മറികടന്ന് സഞ്‌ജു എത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
അടിച്ചുപറത്താന്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ :കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കണ്ടിരുന്നതാണ് ഇടം കയ്യന്‍ ബാറ്റര്‍മാരുടെ അഭാവം. എന്നാല്‍, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ആറ് ഇടംകയ്യന്‍ ബാറ്റര്‍മാരാണ് സ്ഥാനം പിടിച്ചത്. വിന്‍ഡീസ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ ആണ് ഇതില്‍ പ്രധാനി.