ഫ്ലോറിഡ:അമേരിക്കൻ വിസക്കുള്ള കാലതാമസത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പരയിലെ അവാസാന രണ്ട് മത്സരങ്ങള്‍ ഫ്ളോറിഡയില്‍ നടക്കും. ഇന്ത്യന്‍ സംഘത്തിലെ 14 പേര്‍ക്കാണ് വിസ അനുമതി ലഭിക്കാതിരുന്നത്. ഒടുവില്‍ ഗയാന പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ടീമുകളുടെ യാത്ര പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
താരങ്ങളുടെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനായി നയതന്ത്ര ഇടപെടല്‍ നടത്തിയതിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഗയാന പ്രസിഡന്‍റിനെ നന്ദി അറിയിച്ചു. മിയാമിയിലെത്തിയ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്‌ണോയി, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ന് രാത്രിയോടെ ടീമെനൊപ്പം ചേരും. ഓഗസ്റ്റ് 6, 7 തീയതികളിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1-ന് മുന്നിലാണ്. അടുത്ത മത്സരം വിജയിച്ചാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. നാലാമത്തെ കളിയില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാകും വന്‍ഡീസ് ശ്രമം.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്‌സിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങിൽ സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് 5 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം നേടിയത്.
പരമ്പരയിലെ പ്രകടനത്തോടെ ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങിലും സൂര്യകുമാര്‍ യാദവ് മുന്നേറ്റമുണ്ടാക്കി. അവസാനമായി പുറത്തിറങ്ങിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് റാങ്കിങില്‍ ഒന്നാമത്.