ചെന്നൈ :അര്‍ധസെഞ്ച്വറിയുമായി നായകന്‍ സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ചതോടെ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ എ ടീം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 106 റൺസിനാണ് ഇന്ത്യയുടെ ജയം.ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ഉയർത്തിയ 285 റൺസ് പിന്തുടർന്ന ന്യൂസിലാന്‍ഡ് 38.3 ഓവറിൽ 178 റൺസിന് എല്ലാവരും പുറത്തായി. നേരത്തെ ആദ്യ ഏകദിനം ഏഴ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ഇന്ത്യ വിജയിച്ചിരുന്നു.
യുവ ഓൾറൗണ്ടർ രാജ് ബാവയുടെ ബൗളിങ് പ്രകടനത്തിന് മുന്നിലാണ് ന്യൂസിലാന്‍ഡ് ബാറ്റർമാർ പതറിയത്. ഇന്ത്യയ്ക്കായി രാജ് ബാവ 5.3 ഓവറിൽ 11 റൺസിന് 4 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. കുല്‍ദീപ് യാദവ് ആറ് ഓവറില്‍ 29ന് രണ്ടും രാഹുല്‍ ചഹാര്‍ 7 ഓവറില്‍ 39ന് രണ്ടും ഋഷി ധവാന്‍ 6 ഓവറില്‍ 27ന് ഒന്നും രാഹുല്‍ ത്രിപാഠി 2 ഓവറില്‍ 9ന് ഒന്നും വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യ ഉയർത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് മോശമല്ലാത്ത തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 10-ാം ഓവറിൽ 52 റൺസിലാണ് ന്യൂസിലാന്‍ഡിന് ആദ്യ വിക്കറ്റ് നഷ്‌ടമാകുന്നത്. 31 പന്തിൽ 20 റൺസുമായി ചാഡ് ബൗസ് ചാഹറിന്‍റെ പന്തിൽ പുറത്തായി. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഡെയ്‌ന്‍ ക്ലീവറിന് മറ്റുതാരങ്ങളിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതാണ് കിവീസിന് തിരിച്ചടിയായത്. 89 പന്തില്‍ 9 ഫോറുകളും രണ്ട് സിക്‌സറുകളുമടക്കമാണ് ഡെയ്‌ന്‍ ക്ലീവര്‍ 83 റണ്‍സെടുത്തത്.
കിവീസ് നിരയിൽ രചിന്‍ രവീന്ദ്ര രണ്ടും മാര്‍ക്ക് ചാപ്‌മാന്‍ 11ഉം റോബര്‍ട്ട് ഒ ഡോറീല്‍ ആറും ടോം ബ്രൂസ് 10 ഉം മൈക്കല്‍ റിപ്പോണ്‍ 29ഉം ലോഗന്‍ വാന്‍ ബീക്ക് ആറും റണ്‍സെടുത്തും ജേക്കബ് ഡഫ്ഫി ഒന്നിനും മാത്യു ഫിഷര്‍ പൂജ്യത്തിനും പുറത്തായി. ഒരു റണ്ണുമായി ജോ വാക്കര്‍ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 49.3 ഓവറില്‍ 284 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍, തിലക് വര്‍മ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ടോട്ടലിന്‍റെ നെടുംതൂണ്‍. 68 പന്തില്‍ 54 റണ്‍സെടുത്ത സഞ്‌ജുവാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മ 62 പന്തില്‍ 50 റണ്‍സെടുത്തും ശാര്‍ദുല്‍ 33 പന്തില്‍ 51 റണ്‍സെടുത്തും പുറത്തായി.