മിർപുർ : ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ പെണ്‍പടയ്‌ക്ക് മൂന്നാം ടി20യിൽ തോൽവി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുന്നോട്ടുവച്ച 102 റണ്‍സ് വിജയ ലക്ഷ്യം ബംഗ്ലാദേശ് 10 പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്‌ടത്തിൽ മറികടക്കുകയായിരുന്നു. അവസാന മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകളിട്ട് മലയാളി താരം മിന്നു മണി സമ്മർദത്തിലാക്കിയിരുന്നു. രണ്ടാം ഓവറിന്‍റെ അവസാന പന്തിൽ ശതി റാണി ബോർമോണിനെയും (10), തന്‍റെ തൊട്ടടുത്ത ഓവറിൽ ദിലാറ അക്‌തറിനെയും (1) പുറത്താക്കി മിന്നു മണി ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകി.
ഇതോടെ രണ്ട് വിക്കറ്റിന് 16 റണ്‍സ് എന്ന നിലയിലായി ബംഗ്ലാദേശ്. എന്നാൽ ഓപ്പണർ ഷമീമ സുൽത്താനയും (42), ക്യാപ്‌റ്റൻ നിഗർ സുൽത്താനയും (14) പിടിച്ചുനിന്നതോടെ മത്സരം ഇന്ത്യയുടെ കൈവിട്ട് പോവുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 46 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ടീം സ്‌കോർ 62ൽ നിൽക്കെ നിഗർ സുൽത്താനയെ (14) പുറത്താക്കി ദേവിക വൈദ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ ഷൊർന അക്‌തറിനെ (2) പുറത്താക്കി ജമീമ റോഡ്രിഗസ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഒരു വശത്ത് ഷമീമ സുൽത്താന നിലയുറപ്പിച്ച് കളിക്കുകയായിരുന്നു.
ഇതിനിടെ 16-ാം ഓവറിൽ ടീം സ്‌കോർ 85 ൽ നിൽക്കെ സുൽത്താന ഖാത്തൂണിനെയും (12), ഷമീമ സുൽത്താനയേയും അടുത്തടുത്ത പന്തുകളിൽ ബംഗ്ലാദേശിന് നഷ്‌ടമായി. എന്നാൽ റിതു മോനിയും (7), നഹിദ അക്‌തറും (10) ചേർന്ന് ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി മിന്നു മണി, ദേവിക വൈദ്യ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജമീമ റോഡ്രിഗസ് ഒരു വിക്കറ്റും നേടി.
ഒറ്റയ്‌ക്ക് പൊരുതി ഹർമൻപ്രീത് : നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും (40), ജമീമ റോഡ്രിഗസിന്‍റെയും (28) ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചേർന്നത്. ഓപ്പണർ സ്‌മൃതി മന്ദാനയേയും (1), ഷെഫാലി വർമയേയും (11) ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച ഹർമൻപ്രീത്- ജമീമ സഖ്യം ടീമിനെ മെല്ലെ കരകയറ്റുകയായിരുന്നു.
ടീം സ്‌കോർ 65ൽ നിൽക്കെ ജമീമയെ പുറത്താക്കിയാണ് ബംഗ്ലാദേശ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ഒരു വശത്ത് ഹർമൻപ്രീത് ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. 16-ാം ഓവറിൽ ടീം സ്‌കോർ 91ൽ നിൽക്കെ ഹർമൻ പ്രീതിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. പിന്നീട് ഇന്ത്യൻ ബാറ്റിങ് നിരയുടെ കൂട്ട തകർച്ചയ്‌ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
തുടർന്നെത്തിയ യാസ്‌തിക ഭാട്ടിയ (12), അമൻജോത് കൗർ (2), പൂജ വസ്‌ത്രാകർ (2), ദീപ്‌തി ശർമ (4), മിന്നു മണി (1) എന്നിവർ നിരനിരയായി പുറത്താവുകയായിരുന്നു. ദേവിക വൈദ്യ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റബേയ ഖാത്തൂണ്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സുൽത്താന ഖാത്തൂണ്‍ രണ്ടും ഷൊർന അക്‌തർ, ഫാത്തിമ ഖാത്തൂണ്‍, നഹിദ അക്‌തർ എന്നിവർ ഓരോ വിക്കറ്റും നേടി.