മിര്‍പൂര്‍ : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ മലയാളി താരം മിന്നു മണി തുടക്കം മിന്നിച്ചു. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിയാണ് താരം വരവറിയിച്ചത്. ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയാണ് സ്‌പിന്‍ ഓള്‍റൗണ്ടറായ മിന്നുവിന്‍റെ ആദ്യ ഇര.
ബംഗ്ലാദേശ് ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലാണ് മലയാളി താരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പന്തേല്‍പ്പിക്കുന്നത്. ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ഷമീമ സുല്‍ത്താനയെ ജെമീമ റോഡ്രിഗസിന്‍റെ കയ്യിലെത്തിക്കാന്‍ മിന്നുവിന് കഴിഞ്ഞു. 13 പന്തുകളില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്താണ് സുല്‍ത്താന മടങ്ങിയത്.
ഇന്ത്യയ്‌ക്കായി ടി20 കളിക്കുന്ന ആദ്യ മലയാളി താരമാണ് 24-കാരിയായ മിന്നു മണി. വയനാട് ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു മണി-വസന്ത ദമ്പതികളുടെ മകളാണ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയാണ് 24-കാരിയായ മിന്നു മണിക്ക് ക്യാപ് സമ്മാനിച്ചത്. വീടിനടുത്തുള്ള നെൽവയലിൽ തന്‍റെ പത്താം വയസില്‍ ആൺകുട്ടികളോടൊപ്പമാണ് മിന്നു മണി ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. എട്ടാം ക്ലാസ് പഠനത്തിനായി ഇടപ്പാടി സർക്കാർ ഹൈസ്‌കൂളിൽ ചേര്‍ന്നതോടെയാണ് താരം ക്രിക്കറ്റ് ഗൗരവമായി എടുക്കുന്നത്.
16-ാം വയസില്‍ കേരള ടീമിലേക്ക് വിളിയെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. കഴിഞ്ഞ 10 വർഷമായി ടീമിലെ സ്ഥിരാംഗമായ മിന്നു 2019-ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിന്‍റെ ഭാഗമായിരുന്നു. ഏഷ്യ കപ്പ് ജൂനിയർ ചാമ്പ്യന്‍ഷിപ്പിലും താരം കളിച്ചിട്ടുണ്ട്.