മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് താരമത്യേന കുറഞ്ഞ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാരാണ് ബംഗ്ലാദേശിനെ തളച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം മിന്നു മണി മൂന്ന് ഓവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റ് സ്വന്തമാക്കി. ഷഫാലി വര്‍മ, പൂജ വസ്‌ത്രാകര്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. 28 പന്തില്‍ പുറത്താവാതെ 28 റണ്‍സ് നേടിയ ഷൊർന അക്തർ ആണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍.
സ്‌കോര്‍ 27-ല്‍ നില്‍ക്കെ അഞ്ചാം ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. ഷമീമ സുല്‍ത്താനയെ വീഴ്‌ത്തി മലയാളി താരം മിന്നു മണിയാണ് വരവറിയിച്ചത്. 13 പന്തില്‍ 17 റണ്‍സെടുത്ത ഷമീമയെ മലയാളി താരം ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ശോഭന മോസ്റ്ററിയ്‌ക്കൊപ്പം ചേര്‍ന്ന ഷാതി റാണി കൂട്ടുകെട്ടിന് ശ്രമിച്ചു.
പക്ഷെ, ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഷാതി റാണിയുടെ കുറ്റിയിളക്കി പൂജ വസ്‌ത്രാകര്‍ തിരിച്ചയച്ചു. 26 പന്തില്‍ 22 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ നിഗർ സുൽത്താനയ്‌ക്ക് അധിക ആയുസുണ്ടായിരുന്നില്ല. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത ബംഗ്ലാ ക്യാപ്റ്റനെ അമൻജോത് കൗർ റണ്ണൗട്ടാക്കി.