മിര്‍പൂര്‍ :ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം പിടിച്ച് ഇന്ത്യന്‍ വനിതകള്‍. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ഉയര്‍ത്തിയ 115 റണ്‍സിന്‍റെ വിജയ ലക്ഷ്യം 16.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടത്തില്‍ 118 റണ്‍സെടുത്താണ് ഇന്ത്യ മറികടന്നത്.
ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 35 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 54 * റണ്‍സാണ് ഹര്‍മന്‍ നേടിയത്. 34 പന്തില്‍ 38 റണ്‍സ് എടുത്ത സ്‌മൃതി മന്ദാനയും തിളങ്ങി. താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്‌ക്ക് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഷഫാലി വര്‍മയെ നഷ്‌ടമായിരുന്നു.
അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന താരത്തെ മറുഫ അക്തർ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ജെമീമ റോഡ്രിഗസും മടങ്ങിയെങ്കിലും (14 പന്തില്‍11) തുടര്‍ന്ന് ഒന്നിച്ച സ്‌മൃതി മന്ദാന- ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ സുരക്ഷിതമായ നിലയിലേക്ക് നയിച്ചു.
14-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സ്‌മൃതിയ സ്‌റ്റംപ് ചെയ്‌ത നിഗര്‍ സുല്‍ത്താനയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. മടങ്ങും മുമ്പ് ഹര്‍മനൊപ്പം 70 റണ്‍സ് ചേര്‍ക്കാന്‍ സ്‌മൃതി മന്ദാനയ്‌ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്നെത്തിയ യാസ്‌തിക ഭാട്ടിയയെ (12 പന്തില്‍ 9*) കൂട്ടുപിടിച്ച് ഹര്‍മന്‍ ഇന്ത്യയെ വിജയ തീരത്തേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് വനിതകള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 114 റണ്‍സ് എടുത്തത്. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാരാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ തളച്ചത്. 28 പന്തില്‍ 28 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷൊർന അക്തറാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍.
പതിഞ്ഞ താളത്തിലാണ് ബംഗ്ല ഓപ്പണര്‍മാരായ ഷാതി റാണിയും ഷമീമ സുല്‍ത്താനയും തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം മിന്നു മണിയാണ് 27 റണ്‍സ് നീണ്ടു നിന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 13 പന്തില്‍ 17 റണ്‍സെടുത്ത ഷമീമയെ അഞ്ചാം ഓവറിന്‍റെ നാലാം പന്തില്‍ മിന്നു മണി ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.
മൂന്നാം നമ്പറിലെത്തിയ ശോഭന മോസ്റ്ററിയ്‌ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ച ഷാതി റാണിയെ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ പൂജ വസ്‌ത്രാകര്‍ തിരിച്ചയച്ചു. 26 പന്തില്‍ 22 റണ്‍സെടുത്ത ഷാതി കുറ്റി തെറിച്ചാണ് മടങ്ങിയത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ നിഗർ സുൽത്താന ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തി. എന്നാല്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ താരത്തെ അമൻജോത് കൗർ റണ്ണൗട്ടാക്കിയതോടെ ബംഗ്ലാദേശ് 10.3 ഓവറില്‍ 57/3 എന്ന നിലയിലായി.
തുടര്‍ന്ന് എത്തിയ ഷൊർന അക്തർ പിടിച്ച് നിന്നെങ്കിലും 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ശോഭന മോസ്റ്ററിയെ വിക്കറ്റ് കീപ്പര്‍ യാസ്‌തിക ഭാട്ടിയ സ്റ്റംപ് ചെയ്‌ത് മടക്കി അയച്ചു. 33 പന്തില്‍ 23 റണ്‍സായിരുന്നു ശോഭനയുടെ സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഷൊര്‍ന അക്‌തറും റിതു മോനിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തുകയായിരുന്നു. 20-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ റിതു മോനി (13 പന്തില്‍ 11) റണ്ണൗട്ടായി.
ഇന്ത്യൻ വനിതകൾ (പ്ലെയിംഗ് ഇലവൻ):ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്‌ത്രാകർ, അമൻജോത് കൗർ, ബാറെഡ്ഡി അനുഷ, മിന്നു മണി.
ബംഗ്ലാദേശ് വനിതകൾ (പ്ലെയിംഗ് ഇലവൻ) :നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സൽമ ഖാത്തൂൺ, ഷമീമ സുൽത്താന, നഹിദ അക്തർ, റിതു മോനി, ഷൊർന അക്തർ, മറുഫ അക്തർ, ശോഭന മോസ്റ്ററി, ഷാതി റാണി, സുൽത്താന ഖാത്തൂൺ, റബേയ ഖാൻ.