കേരളം

kerala

ETV Bharat / sports

IND W vs BAN W| മുത്തുമണികളായി മിന്നുവും ഷഫാലിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് നാടകീയ വിജയം - shafali verma

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്‌ക്ക് എട്ട് റണ്‍സിന്‍റെ വിജയം. മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

IND W vs BAN  ind w vs ban w highlights  india women vs bangladesh women  minnu mani  മിന്നു മണി  ഇന്ത്യ vs ബംഗ്ലാദേശ്  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  Indian women cricket team  shafali verma  ഷഫാലി വര്‍മ
മുത്തുമണിയായി മിന്നുവും ഷഫാലിയും

By

Published : Jul 11, 2023, 5:47 PM IST

Updated : Jul 11, 2023, 8:04 PM IST

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ടി20യില്‍ എട്ട് റണ്‍സിന്‍റെ നാടകീയ വിജയം നേടിയാണ് ഇന്ത്യ പരമ്പര പിടിച്ചത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മലയാളി താരം മിന്നു മണിയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ വഴിത്തിരിവായത്. ഒരു മെയ്‌ഡന്‍ ഓവറും മിന്നു എറിഞ്ഞിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റു ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 95 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 55 പന്തില്‍ 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. മറ്റാര്‍ക്കും ഒരക്കം കടക്കാന്‍ പോലും കഴിഞ്ഞില്ല.

അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു വിജയത്തിനായി ആതിഥേയര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് ഷഫാലി വര്‍മ ബംഗ്ലാദേശിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ദീപ്‌തി ശര്‍മയും ഇന്ത്യയ്‌ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 10 റണ്‍സ് അടിച്ച സംഘം എട്ടാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റിന് 31 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. മിന്നുവിന്‍റെ അത്ഭുത പ്രകടനമാണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്.

ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍, മിന്നുവിനെ പന്തേല്‍പ്പിക്കുന്നത്. ഈ ഓവറില്‍ ഒരു റണ്‍സ് പോലും വിട്ട് നല്‍കാതിരുന്ന മിന്നു ബംഗ്ലാ ഓപ്പണര്‍ ഷമീമ സുല്‍ത്താനെ പുറത്താക്കുകയും ചെയ്‌തു. തന്‍റെ രണ്ടാം ഓവറില്‍ രണ്ട് റണ്‍സും മൂന്നാം ഓവറില്‍ നാല് റണ്‍സും മാത്രം വിട്ടുനല്‍കിയ മലയാളി താരം ബംഗ്ലാ ബാറ്റര്‍മാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. അവസാന ഓവറിന്‍റെ അഞ്ചാം പന്തില്‍ റിതു മോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മിന്നു രണ്ടാം വിക്കറ്റും സ്വന്തമാക്കിയത്.

ഒരറ്റത്ത് വിക്കറ്റുകള്‍ നിലം പൊത്തുമ്പോഴും ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പൊരുതി നിന്നത് ബംഗ്ലാദേശിന് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ 19-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ യാസ്‌തിക ഭാട്ടിയ സ്‌റ്റംപ് ചെയ്‌ത് താരം മടങ്ങിയതോടെ ബംഗ്ലാദേശ് കീഴടങ്ങി.

നേരത്തെ, 14 പന്തില്‍ 19 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്‌മൃതി മന്ദാനയും ചേര്‍ന്ന് 33 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. സ്‌മൃതിയെ പുറത്താക്കിയ (13 പന്തില്‍ 13) നഹിദ അക്‌തറാണ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു. ജമീമ റോഡ്രിഗസ് (8), യാസ്‌തിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങള്‍. പൂജ വസ്‌ത്രാകർ (3 പന്തില്‍ 7),മിന്നു മണി (3 പന്തില്‍ 5*) എന്നിവര്‍ പുറത്താവാതെ നിന്നു.

ALSO READ: IND vs WI | രോഹിത്, കോലി, രഹാനെ... ? വിന്‍ഡീസ് പരീക്ഷ നാളെ തുടങ്ങും

Last Updated : Jul 11, 2023, 8:04 PM IST

ABOUT THE AUTHOR

...view details