കേപ്‌ടൗണ്‍: പ്രഥമ അണ്ടര്‍ 19 വനിത ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മറുപടിക്കിറങ്ങിയ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്ന ഓപ്പണര്‍ ശ്വേത സെഹ്‌റാവത്തിന്‍റെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് അനായാസ വിജയം സമ്മാനിച്ചത്. 45 പന്തില്‍ 10 ഫോറുകള്‍ സഹിതം 61 റണ്‍സാണ് ശ്വേത സെഹ്‌റാവ അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ ഷഫാലി വര്‍മ (9 പന്തില്‍ 10), സൗമ്യ തിവാരി (26 പന്തില്‍ 22) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. നാലാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഷഫാലി പുറത്താവുമ്പോള്‍ 33 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നെത്തിയ സൗമ്യയ്‌ക്കൊപ്പം ചേര്‍ന്ന ശ്വേത ഇന്ത്യയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ ശ്വേതയും സൗമ്യയും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിനടുത്ത് വച്ച് സൗമ്യ മടങ്ങിയെങ്കിലും ഗോങ്കാഡി തൃഷയെ (7 പന്തില്‍ 5) കൂട്ടുപിടിച്ച് ശ്വേത ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കിവികളെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ഇന്ത്യക്കായി പാര്‍ഷവി ചോപ്ര നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. തിതാസ് സദു, മന്നത് കശ്യപ്, ഷഫാലി വര്‍മ, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
32 പന്തില്‍ 35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് കിവികളുടെ ടോപ് സ്‌കോറര്‍. ഇസി ഗേസ് (22 പന്തില്‍ 26), ഇസി ഷാര്‍പ്പ് (14 പന്തില്‍ 13) എന്നിങ്ങനെയാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. പാര്‍വഷിയാണ് മത്സരത്തിലെ താരം.