ബേ ഓവല്‍: ഇന്ത്യ vs ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ബേ ഓവലിലാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയുണ്ട്. വെല്ലിങ്‌ടണില്‍ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. ടി20 ലോകകപ്പിലെ നിരാശജനകമായ പുറത്താവലിന് ശേഷം ഒരു പുതിയ തുടക്കത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ ടീമിന്‍റെ ഭാഗമാണ്.
ടി20യില്‍ ഓപ്പണറായി ശുഭ്‌മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇഷാന്‍ കിഷനാവും പങ്കാളിയാവുക. ബോളിങ് യൂണിറ്റില്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലികിന് അവസരം ലഭിച്ചേക്കും. മലയാളി താരം സഞ്‌ജു സാംസണും സ്‌ക്വാഡിലുണ്ടെങ്കിലും അന്തിമ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല.
മറുവശത്ത് കെയ്ന്‍ വില്യംസണിന്‍റെ നേതൃത്വത്തില്‍ മുന്‍ നിര ടീമിനെ തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത്. വെറ്ററന്‍ ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിനെ ഒഴിവാക്കിയപ്പോള്‍ കേന്ദ്ര കരാര്‍ റദ്ദാക്കിയ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ടീമില്‍ നിന്നും പുറത്തായി. ഗപ്റ്റിലന് പകരം യുവതാരം ഫിൻ അലനാണ് ടീമില്‍ ഇടം നേടിയത്. 23കാരനായ അലന്‍ ബ്ലാക് ക്യാപ്‌സിനായി ഇതേവരെ 23 ടി20കളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചുവെങ്കിലും ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത്.