ഹരാരെ : 2015ല്‍ സിംബാബ്‌യ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി ടി20 അരങ്ങേറ്റം നടത്തിയ സഞ്‌ജു സാംസണിന് ടീമില്‍ വീണ്ടും അവസരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട അഞ്ച് വര്‍ഷങ്ങളാണ്. 2020 ജനുവരിയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്‌ജു സാംസണ്‍ കരിയറിന്‍റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ഏഴ് വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ ഇതേവരെ വെറും 16 ടി20 മത്സരങ്ങളില്‍ മാത്രമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്.
2021ലാണ് താരത്തിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഇതേവരെ ആറ് ഏകദിനങ്ങളിലാണ് സഞ്‌ജു ഇന്ത്യയ്‌ക്കായി കളിച്ചത്. ഇപ്പോഴിതാ തന്‍റെ നീണ്ട കാത്തിരിപ്പിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സഞ്‌ജു.
ആ അഞ്ച് വര്‍ഷത്തിനിടയിൽ തനിക്ക് സംഭവിച്ചതെല്ലാം പോസിറ്റീവായി കാണാന്‍ ശ്രമിച്ചിരുന്നതായി സഞ്‌ജു പറഞ്ഞു. "ജീവിതത്തിലും കരിയറിലും എന്ത് സംഭവിച്ചാലും പോസിറ്റീവ് മനോഭാവത്തില്‍ എടുക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
എല്ലാ സുഹൃത്തുക്കളും രാജ്യത്തിന് വേണ്ടി കളിക്കുകയും, എനിക്ക് അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് അല്‍പം പ്രയാസമുള്ള കാര്യമായിരുന്നു. എന്നാൽ എല്ലാത്തിനേയും പോസിറ്റീവായി സമീപിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.