ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓള്‍ ഫോര്‍മാറ്റ് പരമ്പരയാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന വെല്ലുവിളി. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്നതാണ് ഇന്ത്യൻ ടീമിന്‍റെ വെസ്റ്റ് ഇൻഡീസ് പര്യടനം.
മത്സരങ്ങള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ കരീബിയൻ ദ്വീപുകളിൽ എത്തിയിരുന്നു. വിന്‍ഡീസിനെതിരായ പോരാട്ടം ആരംഭിക്കും മുമ്പ് ബാർബഡോസില്‍ ബീച്ച് വോളിബോൾ സെഷനിൽ മുഴുകിയ ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി ഉള്‍പ്പടെയുള്ള താരങ്ങളാണ് കടല്‍ തീരത്ത് ചേരി തിരിഞ്ഞ് വോളിബോളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചത്. യാത്രയ്‌ക്കിടെ വിമാനത്തില്‍ നിന്നെടുത്തതുള്‍പ്പടെ ബാർബഡോസിന്‍റെ സുന്ദര കാഴ്‌ചകളും വീഡിയോയിലുണ്ട്.
വീഡിയോ കാണാം....
നിലവില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഫോര്‍മാറ്റിലും രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ഉപനായകനാവുമ്പോള്‍ ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ചുമതല വഹിക്കുന്നത്. ഏകദിന ടീമില്‍ മലയാളി താരം സഞ്‌ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ-വിന്‍ഡീസ് പോരിന് തുടക്കമാവുന്നത്. ജൂലായ് 12-ന് ഡൊമനിക്കയിലെ വിസ്‌ഡന്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് ജൂലായ് 20 മുതൽ 24 വരെ ക്യൂന്‍സ് പാര്‍ക്കിലാണ് രണ്ടാം ടെസ്റ്റ് മത്സരം അരങ്ങേറുക.
ജൂലായ് 27-ന് ബാർബഡോസിലെ കെൻസിങ്‌ടൺ ഓവലിലാണ് ഏകദിന പരമ്പരയ്‌ക്ക് തുടക്കമാവുക. തുടര്‍ന്ന് 29-ന് രണ്ടും ഓഗസ്റ്റ് 1-ന് മൂന്നും ഏകദിനങ്ങള്‍ നടക്കും. ഓഗസ്റ്റ് മൂന്നിനാണ് ആദ്യ ടി20. ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. തുടര്‍ന്ന് രണ്ടാം ടി20 6-നും, മൂന്നാം ടി20 8-നും, നാലാം ടി20 12-നും, അഞ്ചാം ടി20 13-നും നടക്കും.
ഏകദിന മത്സരങ്ങൾ ഇന്ത്യന്‍ സമയം രാത്രി 7 മണി മുതലും ടി20 മത്സരങ്ങൾ രാത്രി 8 മണിക്കുമാണ് ആരംഭിക്കുക. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയുടെ യുവനിരയാവും ടി20 പരമ്പരയില്‍ വിന്‍ഡീസിനെതിരെ പോരടിക്കുക.
ALSO READ: 'ഇനി അവരോടൊപ്പം ഒരു ബിയര്‍ കുടിക്കുന്നത് പോലും സങ്കല്‍പ്പിക്കാനാവില്ല'; റണ്ണൗട്ട് വിവാദത്തില്‍ പ്രതികരിച്ച് ബ്രണ്ടൻ മക്കല്ലം
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.