കൊല്‍ക്കത്ത : വെസ്റ്റ്‌ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവാന്‍ മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിക്കായിരുന്നു. വിന്‍ഡീസിനെതിരെ നേരത്തെ മൂന്ന് ഏകദിനമുള്‍പ്പടെ നാല് മത്സരങ്ങള്‍ കളിച്ച കോലിക്ക് കൂടുതല്‍ റണ്‍സ് കണ്ടെത്താനായിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 41 പന്തില്‍ 52 റണ്‍സാണ് താരം അടിച്ചെടുത്തത്.
മിന്നുന്ന ഈ പ്രകടനത്തോടെ ടി20 മത്സരങ്ങളില്‍ ഏറ്റവും അധികം 50ല്‍ കൂടുതല്‍ റണ്‍സെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്താന്‍ താരത്തിനായി. ടി20യില്‍ 30 തവണയാണ് ഇരുവരും 50 റണ്‍സിലധികം നേടിയിട്ടുള്ളത്. 97 ടി20 മത്സരങ്ങളിലാണ് കോലി 30 തവണ 50ല്‍ അധികം റണ്‍സ് നേടിയത്. എന്നാല്‍ ടി20യില്‍ സെഞ്ച്വറി നേടാന്‍ താരത്തിനായിട്ടില്ല.
രോഹിത് ശര്‍മ 121 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 26 തവണ അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്‍റെ പേരില്‍ നാല് സെഞ്ച്വറികളുമുണ്ട്. പാക് താരം ബാബര്‍ അസം (26), ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ (22), ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ (22) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.