ഡൊമിനിക്ക:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25ലെ ആദ്യ പരമ്പരയില്‍ രണ്ട് യുവതാരങ്ങളാണ് ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇഷാന്‍ കിഷന്‍ (Ishan Kishan), യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) എന്നിവരാണ് ഇന്ത്യയ്‌ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയത്. ഇതില്‍, 21കാരനായ യുവതാരം യശസ്വി ജയ്‌സ്വാളിന്‍റെ അരങ്ങേറ്റത്തിനായാണ് കൂടുതല്‍ പേരും കാത്തിരുന്നത്.
ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ജയ്‌സ്വാളിന് മത്സരത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം (Rohit Sharma) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ജയ്‌സ്വാള്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ 73 പന്ത് നേരിട്ട് 40 റണ്‍സാണ് നേടിയത്. ഒന്നാം ദിവസത്തിന്‍റെ അവസാന ഒരു മണിക്കൂറില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം 80 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും ജയ്‌സ്വാളിനായിരുന്നു.
ആറ് ബൗണ്ടറികളായിരുന്നു ഒന്നാം ദിനത്തില്‍ ജയ്‌സ്വാള്‍ നേടിയത്. ആദ്യ ദിവസത്തെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ യുവതാരത്തെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി (Tom Moody) രംഗത്തെത്തി. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ ജയ്‌സ്വാള്‍ തന്‍റേതായ ഒരു കാല്‍പ്പാട് സൃഷ്‌ടിക്കുമെന്ന് മൂഡി അഭിപ്രായപ്പെട്ടു.
നേരത്തെ, ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ജയ്‌സ്വാളിന് പ്രശംസയുമായി രംഗത്തെത്തിയരുന്നു. മത്സരത്തിന്‍റെ ആദ്യ ദിവസത്തെ അവസാന ഓവറില്‍ വിന്‍ഡീസ് ബൗളര്‍ ജോമല്‍ വാരികനെ റിവേഴ്‌സ് സ്വീപ്പിലൂടെ ജയ്‌സ്വാള്‍ ബൗണ്ടറി കടത്തിയിരുന്നു. ഈ ഷോട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിന്‍റെ പ്രതികരണം.