ഡൊമനിക്ക : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്‌ടമില്ലാതെ 146 എന്ന ശക്‌തമായ നിലയിലാണ് ഇന്ത്യ. വെസ്റ്റ് ഇൻഡീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 150 റണ്‍സിന് വെറും നാല് റണ്‍സ് മാത്രം പിന്നിലാണ് നിലവിൽ ഇന്ത്യ. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും (62) നായകൻ രോഹിത് ശർമയുമാണ് (68) ക്രീസിൽ.
വിക്കറ്റ് നഷ്‌ടം കൂടാതെ 80 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ജയ്‌സ്വാൾ- രോഹിത് കൂട്ടുകെട്ട് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. വിക്കറ്റ് നഷ്‌ടപ്പെടുത്താതെ മുന്നേറിയ ഇരുവരും വിൻഡീസ് ബൗളർമാരുടെ മോശം ബോളുകൾ മാത്രം തെരഞ്ഞ് പിടിച്ച് ബൗണ്ടറികൾ പായിച്ചു. വൈകാതെ ജയ്‌സ്വാൾ തന്‍റെ കന്നി ടെസ്റ്റിൽ തന്നെ ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ച്വറി സ്വന്തമാക്കി.
തകർപ്പനൊരു ബൗണ്ടറിയിലൂടെയാണ് ജയ്‌സ്വൾ തന്‍റെ കന്നി ടെസ്റ്റ് അർധ സെഞ്ച്വറി സ്വന്തമാക്കിയത്. 104 പന്തിൽ നിന്നാണ് താരം അർധ സെഞ്ച്വറി നേടിയെടുത്തത്. ഇതിന് പിന്നാലെ രോഹിത് സ്‌കോറിങ് വേഗത്തിലാക്കി. പിന്നാലെ തന്‍റെ 15-ാം ടെസ്റ്റ് അർധ സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത് ശർമ ടെസ്റ്റിൽ 3500 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു.
തകർന്നടിഞ്ഞ് വിൻഡീസ് : നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസിന്‍റെ ഇന്നിങ്‌സ് 150 റണ്‍സിൽ ഒതുങ്ങുകയായിരുന്നു. സ്‌പിന്നർ രവിചന്ദ്രൻ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിൻഡീസ് നിരയെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സിൽ വിൻഡീസ് ബാറ്റർമാരിൽ രണ്ട് പേർക്ക് മാത്രമാണ് 20 റണ്‍സിന് മുകളിൽ സ്‌കോർ ചെയ്യാനായത്.