മുംബൈ :വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും തോല്‍വി വഴങ്ങിയതോടെ അഴിച്ചുപണിയെന്ന വമ്പന്‍ സൂചന നല്‍കിയാണ് ഇത്തവണത്തെ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പ്. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്‌ക്‌വാദ്, മുകേഷ് കുമാർ എന്നിവർക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യ വിളിയെത്തി.
എന്നാല്‍ ആഭ്യന്തര സർക്യൂട്ടിൽ ഏറെക്കാലമായി സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സർഫറാസ് ഖാനെ സെലക്‌ടര്‍മാര്‍ വീണ്ടും തഴഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍, ആകാശ് ചോപ്ര, വസീം ജാഫര്‍ തുടങ്ങി ഇന്ത്യയുടെ മുന്‍ താരങ്ങളും നിരവധി ആരാധകരും സര്‍ഫറാസിനെ പിന്തുണച്ച് രംഗത്ത് എത്തിയത് താരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടേറ്റുകയും ചെയ്‌തു.
ഒടുവിലിതാ താന്‍ നേരിടുന്ന തുടര്‍ച്ചയായുള്ള അവഗണനയ്‌ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് 25-കാരനായ സര്‍ഫറാസ് ഖാന്‍. രഞ്ജി ട്രോഫി സീസണിലെ തന്‍റെ പ്രകടനത്തിന്‍റെ ഹൈലൈറ്റ് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് സര്‍ഫറാസ് സെലക്‌ടര്‍മാര്‍ക്ക് മൂര്‍ച്ചയേറിയ മറുപടി നല്‍കിയിരിക്കുന്നത്. വിഡിയോയ്‌ക്ക് ഒരു അടിക്കുറിപ്പും സര്‍ഫറാസ് നല്‍കിയിട്ടില്ലെങ്കിലും പറയാനുള്ളതെല്ലാം അതിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ആഭ്യന്തര സർക്യൂട്ടില്‍ വമ്പന്‍ പ്രകടനം നടത്തുന്ന സര്‍ഫറാസ് ഖാന്‍ ഏറെക്കാലമായി ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ്. രഞ്‌ജി ട്രോഫിയുടെ 2019-20 സീസണിൽ 154 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 928 റൺസാണ് മുംബൈ ബാറ്റര്‍ അടിച്ച് കൂട്ടിയിരുന്നത്. അടുത്ത സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയ സര്‍ഫറാസ് ഖാന്‍ കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 92.66 ശരാശരിയില്‍ 556 റണ്‍സാണ് കണ്ടെത്തിയത്.