കേരളം

kerala

ETV Bharat / sports

ഇന്ത്യയെ രക്ഷിച്ചത് സഞ്‌ജു; താരത്തിന്‍റെ മുഴുനീള ഡൈവിന് കയ്യടിച്ച് ആരാധകര്‍, വീഡിയോ - സഞ്‌ജു സാംസണ്‍

വിന്‍ഡീസിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറിലാണ് മുഴുനീള ഡൈവുമായി സഞ്‌ജു മിന്നിയത്. ബൗണ്ടറിയെന്ന് ഉറപ്പിച്ച പന്ത് തടുത്തിട്ട സഞ്‌ജു ഇന്ത്യയുടെ മൂന്ന് റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

sanju samson viral video  sanju samson  ind vs wi  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ ഡൈവിങ്‌
ഇന്ത്യയെ രക്ഷിച്ചത് സഞ്‌ജു; താരത്തിന്‍റെ മുഴുനീള ഡൈവിന് കയ്യടിച്ച് ആരാധകര്‍, വീഡിയോ

By

Published : Jul 23, 2022, 11:34 AM IST

ട്രിനിഡാഡ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നിലെ സഞ്‌ജു സാംസണിന്‍റെ പ്രകടനത്തെ വാനോളം പുകഴ്‌ത്തി ആരാധകര്‍. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് സഞ്‌ജുവിന്‍റെ സൂപ്പര്‍ സേവ്. മത്സരത്തിന്‍റെ അവസാന ഓവറിലാണ് മുഴുനീള ഡൈവുമായി സഞ്‌ജു ഇന്ത്യയുടെ രക്ഷകനായത്.

അവസാന രണ്ട് പന്തില്‍ ജയത്തിനായി വിന്‍ഡീസിന് ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് സഞ്‌ജുവിന്‍റെ മിന്നും സേവ് പിറന്നത്. മുഹമ്മദ് സിറാജിനെതിരെ റൊമാരിയ ഷെഫേര്‍ഡായിരുന്നു ബാറ്റ് ചെയ്‌തിരുന്നത്. ക്രീസ് വിട്ടിറങ്ങിയ ഷെഫേര്‍ഡിന്‍റെ പാഡിലേക്കാണ് സിറാജ് പന്തെറിയാന്‍ ശ്രമിച്ചത്. എന്നാല്‍ പന്ത് ലെഗ് സൈഡില്‍ വൈഡായി.

തലയില്‍ കൈവച്ച ആരാധകര്‍ പന്ത് ബൗണ്ടറിയിലേക്ക് എന്ന് ഉറപ്പിക്കുകയും ചെയ്‌തു. എന്നാല്‍ ഒരു മുഴുനീള ഡൈവിലൂടെ പന്ത് തടുത്തിടാന്‍ സഞ്‌ജുവിന് കഴിഞ്ഞു. തുടര്‍ന്നുള്ള താരത്തിന്‍റെ മിന്നല്‍ നീക്കം റണ്‍സ് ഓടി എടുക്കുന്നതില്‍ നിന്നും ഷെഫേര്‍ഡിനെ തടയുകയും ചെയ്‌തു. ഇതോടെ വൈഡിന്‍റെ ഒരു റണ്‍ മാത്രമാണ് വിന്‍ഡീസിന് ലഭിച്ചത്.

മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് മാത്രമാണ് ജയിച്ചതെന്നിരിക്കെയാണ് സഞ്‌ജുവിന്‍റെ ഈ സേവ് ഇന്ത്യയുടെ വിജയം കൂടി ആയിരുന്നുവെന്ന് വ്യക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

''സഞ്‌ജു സാംസണിന്‍റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ അവസാനത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, പന്ത് ഫോര്‍ ആയിരുന്നെങ്കില്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുമായിരുന്നു'', ചോപ്ര ട്വീറ്റ് ചെയ്‌തു.

മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സാണ് നേടാനായത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ABOUT THE AUTHOR

...view details