ഡൊമനിക്ക:ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യ ആധിപത്യം നേടിയിരിക്കുകയാണ്. മത്സത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അതിഥേയര്‍ 150 റണ്‍സില്‍ പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുകയാണ്.
രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 312/2 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇതോടെ നിലവില്‍ ഇന്ത്യയ്‌ക്ക് 162 റണ്‍സിന്‍റെ ലീഡായി. ഓപ്പണര്‍മാരായ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് മികച്ച അടിത്തറയൊരുക്കിയത്. ഒന്നാം വിക്കറ്റില്‍ 229 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉയര്‍ത്തിയത്.
രോഹിത് ശര്‍മയെ വീഴ്‌ത്തി അലിക്ക് അത്നാസെയാണ് വിന്‍ഡീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 221 പന്തില്‍ 103 റണ്‍സെടുത്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിച്ച് കയറിയത്. മടങ്ങും മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡ് പേരിലാക്കാനും 36-കാരനായ രോഹിത്തിന് കഴിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറായെത്തി ഏറ്റവും കൂടുതല്‍ തവണ അന്‍പതില്‍ അധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് രോഹിത് നേടിയത്.
ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്‌കർ, വീരേന്ദർ സെവാഗ് എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്. വിന്‍ഡീസിനെതിരായ പ്രകടനമടക്കം 102 തവണയാണ് ഓപ്പണറായെത്തി രോഹിത് അന്‍പതില്‍ അധികം റണ്‍സ് നേടിയിട്ടുള്ളത്. 101 തവണ വീതമാണ് സുനിൽ ഗവാസ്‌കർ, വിരേന്ദർ സെവാഗ് എന്നിവര്‍ ഓപ്പണിങ്ങിനെത്തി അന്‍പതിലധികം റണ്‍സടിച്ചത്.