ടറൗബ:അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. വിന്‍ഡീസിനെതിരായ ഒന്നാം ടി20യിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയാണ് രോഹിത് വീണ്ടും ഒന്നാമതെത്തിയത്. മത്സരത്തില്‍ 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സാണ് രോഹിത്ത് അടിച്ച് കൂട്ടിയത്.
നിലവില്‍ 129 ടി20 മത്സങ്ങളില്‍ നിന്നും 27 അര്‍ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും സഹിതം 32.48 ശരാശരിയില്‍ 3,443 റണ്‍സാണ് രോഹിത്തിനുള്ളത്. ഇതോടെ ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലാണ് രണ്ടാമതായത്. 116 മത്സരങ്ങളില്‍ 20 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും സഹിതം 32.37 ശരാശരിയില്‍ നിലവില്‍ 3,399 റണ്‍സാണ് ഗപ്‌റ്റിലിനുള്ളത്.
3,308 റണ്‍സുമായി ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 99 മത്സരങ്ങളില്‍ 50.12 ശരാശരിയിലാണ് കോലിയുടെ പ്രകടനം. അയർലൻഡിന്‍റെ പോൾ സ്റ്റിർലിങ് (2,894 റൺസ്), ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ ആരോൺ ഫിഞ്ച് (2,855 റൺസ്) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്.