ബാര്‍ബഡോസ് :വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കരീബിയന്‍ മണ്ണിലെത്തിയത് പുത്തന്‍ ഗെറ്റപ്പില്‍. ക്ലീന്‍ഷേവ് ലുക്കിലെത്തിയ രോഹിത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞുള്ള അവധിക്കാലം ലണ്ടനിലാണ് 35-കാരനായ രോഹിത് ആഘോഷിച്ചത്.
അവധിയാഘോഷത്തിന്‍റെ ചിത്രങ്ങളില്‍ താടിയുള്ള രോഹിത്തിനെയാണ് കാണാന്‍ കഴിയുന്നത്. ഇതിന് പിന്നാലെയാണ് താരം തന്‍റെ ഗെറ്റപ്പില്‍ മാറ്റം വരുത്തിയത്. പുതിയ ചിത്രം കണ്ട് ഹിറ്റ്‌മാന് 10 വയസ് കുറഞ്ഞോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വിന്‍ഡീസിനെതിരെ ഓള്‍ ഫോര്‍മാറ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉള്‍പ്പടെ ആകെ 10 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. വിവിധ സംഘങ്ങളായി ബാര്‍ബഡോസില്‍ എത്തിയ ഇന്ത്യന്‍ ടീം ഇതിനകം തന്നെ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്‌ചത്തെ പരിശീലനമാണ് ഇന്ത്യ ബാര്‍ബഡോസില്‍ നിശ്ചയിച്ചിരിക്കുന്നത്.
ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ-വിന്‍ഡീസ് പോര് ആരംഭിക്കുക. ഇതിന് മുന്നോടിയായി പരിശീലന മത്സരങ്ങള്‍ കളിക്കാനും ടീം പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തന്നെ ടെസ്റ്റ്, ഏകദിന പരമ്പരയ്‌ക്കുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റിലും രോഹിത് തന്നെയാണ് ടീമിനെ നയിക്കുന്നത്.
ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. ടി20 പരമ്പരയില്‍ മുന്നത്തേത് പോലെ രോഹിത് ശര്‍മ, വിരാട് കോലി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം. ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ ഫോം തെളിയിക്കേണ്ടത് രോഹിത്തിന് ഏറെ അനിവാര്യമാണ്.
അതേസമയം ജൂലായ് 12 മുതല്‍ 17 വരെ ഡൊമനിക്കയിലെ വിസ്‌ഡന്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ജൂലായ് 20 മുതൽ 24 വരെ ക്യൂന്‍സ് പാര്‍ക്കിലും അരങ്ങേറും. തുടര്‍ന്ന് മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ജൂലായ് 27-ന് ബാർബഡോസിലെ കെൻസിങ്‌ടൺ ഓവലിലാണ് ഏകദിന പരമ്പര ആരംഭിക്കുക. 29-ന് രണ്ടാമത്തേയും ഓഗസ്റ്റ് 1-ന് അവസാനത്തേയും ഏകദിനം നടക്കും.
ടി20 പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് മൂന്നിനാണ്. ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയാണ് മത്സരത്തിന്‍റെ വേദി. രണ്ടാം ടി20 6-നും, മൂന്നാം ടി20 8-നും, നാലാം ടി20 12-നും, അവസാന ടി20 13-നുമാണ് അരങ്ങേറുക. ഏകദിന മത്സരങ്ങൾ ഇന്ത്യന്‍ സമയം രാത്രി 7 മണി മുതലും ടി20 മത്സരങ്ങൾ രാത്രി 8 മണിക്കുമാണ് ആരംഭിക്കുക.
ALSO READ: സൂര്യയുടെ ബാറ്റിങ്ങിന് അഴകേറെ, എന്നാല്‍ മുന്നിലുള്ളത് വലിയ വെല്ലുവിളി : എബി ഡിവില്ലിയേഴ്‌സ്
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
ALSO READ:കോലിയുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഇന്ത്യന്‍ താരങ്ങള്‍ ; ബാര്‍ബഡോസിലെ ബീച്ച് വോളിബോൾ സെഷന്‍റെ വീഡിയോ പങ്കുവച്ച് ബിസിസിഐ
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.