മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടി20 പരമ്പരക്കായുള്ള ടീമിൽ വൻ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.
ഏകദിന ടീമിന്‍റെ മുഴുവൻ സമയ നായകനായ ശേഷം രോഹിത് ശർമ്മ നയിക്കുന്ന ആദ്യ പരമ്പരയാണ് വിൻഡീസിനെതിരെയുള്ളത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. താരം നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു.
അതേ സമയം ടീം പ്രഖ്യാപനത്തിന് മുൻപ് തന്നെ പരമ്പരയിൽ നിന്ന് സീനിയർ സ്‌പിന്നർ ആർ അശ്വിൻ പിൻമാറ്റം അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാനാകാത്ത താരത്തിന്‍റെ പിൻമാറ്റത്തിന്‍റെ കാരണം വ്യക്‌തമാക്കിയിട്ടില്ല. കൂടാതെ ജസ്പ്രീത് ബുറംക്ക് വിശ്രമം അനുവദിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
കുറച്ചു കാലങ്ങളായി മോശം ഫോമിൽ തുടരുന്ന ഭുവനേശ്വർ കുമാറിനും ടീമിൽ സ്ഥാനമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവതാരം വെങ്കിടേഷ് അയ്യരെയും പരിഗണിക്കാൻ സാധ്യത കുറവാണ്. ജഡേജയും, ഹാർദിക്കും പൂർണമായും ഫിറ്റ് ആയിട്ടില്ല.