ഡൊമിനിക്ക:രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്കെതിരായ (India) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെ പൂട്ടിയത്. അഞ്ച് വിക്കറ്റുമായി അശ്വിന്‍ കളം നിറഞ്ഞപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. വിന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ്, ഓപ്പണിങ് ബാറ്റര്‍ തഗെനരൈന്‍ ചന്ദര്‍പോള്‍, അലിക്ക് അത്നാസെ, അല്‍സാരി ജോസഫ്, ജോമല്‍ വാരികന്‍ എന്നിവാരായിരുന്നു ആദ്യ ഇന്നിങ്‌സില്‍ അശ്വിന് മുന്നില്‍ വീണത്.
13-ാം ഓവറില്‍ തഗെനരൈന്‍ ചന്ദര്‍പോളിനെ (Tagenaraine Chanderpaul) വീഴ്‌ത്തിക്കൊണ്ടായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തില്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഓവറിലെ അഞ്ചാം പന്ത്, വിന്‍ഡീസ് ഇടം കയ്യന്‍ ബാറ്ററുടെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ഈ വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഒരു അപൂര്‍വ നേട്ടം അശ്വിനെ തേടിയെത്തി.
വിന്‍ഡീസ് ഇതിഹാസം ശിവ്‌നരൈന്‍ ചന്ദര്‍പോളിന്‍റെ (Shivnaraine Chanderpaul) മകനാണ് തഗെനരൈന്‍. 44 പന്തില്‍ 12 റണ്‍സ് നേടിയ തഗെനരൈനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായാണ് അശ്വിന്‍ മാറിയത്. 2011ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തിലായിരുന്നു ശിവ്‌നരൈന്‍ ചന്ദര്‍പോളിനെ അശ്വിന്‍ പുറത്താക്കിയത്.
ലോക ക്രിക്കറ്റില്‍ മുന്‍പ് നാല് പ്രാവശ്യം ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ഇയാന്‍ ബോതം (Ian Botham) ആണ് ഈ അപൂര്‍വ നേട്ടം ആദ്യം സ്വന്തമാക്കുന്നത്. ന്യൂസിലന്‍ഡിന്‍റെ ലാന്‍സ് കെയ്‌ന്‍സിനെയാണ് (Lance Cairns) ബോതം ആദ്യം പുറത്താക്കിയത്.