ഡൊമിനിക്ക:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കലാശപ്പോരിനുള്ള ടീമില്‍ നിന്നും രവിചന്ദ്രന്‍ അശ്വിനെ (Ravichandran Ashwin) തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ അശ്വിനെ ഒഴിവാക്കിയത് ടീം ഇന്ത്യ ഫൈനലില്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായങ്ങളെല്ലാം ശരിവയ്‌ക്കുന്ന തരത്തിലൊരു പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ അശ്വിന്‍ ഇന്ത്യയ്‌ക്കായി നടത്തിയത്.
മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍റെ ബൗളിങ് പ്രകടനമാണ് വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സില്‍ പൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍റെ 33-ാമത് അഞ്ച് വിക്കറ്റ് നേട്ടം കൂടിയായിരുന്നുവിത്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍ ഇപ്പോള്‍.
ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67 പ്രാവശ്യമാണ് മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുള്ളത്. മുന്‍ ഓസീസ് താരം ഷെയ്‌ന്‍ വോണ്‍ (37), ന്യൂസിലന്‍ഡ് താരം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (36), ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലെ (35), ശ്രീലങ്കയുടെ മുന്‍ താരം രംഗന ഹെറാത്ത് (34) എന്നിവരാണ് പട്ടികയില്‍ അശ്വിന് മുന്നിലുള്ള മറ്റ് താരങ്ങള്‍. സജീവ ക്രിക്കറ്റ് താരങ്ങളില്‍ ഈ പട്ടികയിലെ ഒന്നാമന്‍ അശ്വിനാണ്.
ടോസ് നേടി ബാറ്റ് ചെയ്യാനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ ഡൊമിനിക്കയില്‍ കരുതലോടെയാണ് തങ്ങളുടെ ബാറ്റിങ്ങ് തുടങ്ങിയത്. അശ്വിന്‍ പന്തെറിയാനെത്തിയതോടെ അവരുടെ താളവും തെറ്റി. മത്സരത്തില്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കാന്‍ അശ്വിന് സാധിച്ചു.