ടറൗബ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടി20യില്‍ വിന്‍ഡീസ് താരം ഒബെഡ് മക്കോയിയുടെ ആനമണ്ടത്തരം കണ്ട് തലയില്‍ കൈവച്ച് ആരാധകര്‍. ഇന്ത്യയുടെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാതെ നിന്ന മക്കോയ്‌യാണ് ആരാധകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിച്ചത്. കൈയില്‍ പന്തുണ്ടായിട്ടും ബെയ്‌ല്‍സ് ഇളക്കാതെയാണ് മക്കോയ് അശ്വിന് വീണ്ടും ജീവന്‍ നല്‍കിയത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 18ാം ഓവറിലാണ് രസകരമായ സംഭവം നടന്നത്. മക്കോയ് എറിഞ്ഞ ഓവറിന്‍റെ മൂന്നാം പന്ത് ലോങ് ഓഫിലേക്ക് കളിച്ച ദിനേഷ് കാര്‍ത്തിക് ഡബിളിന് ശ്രമിച്ചു. രണ്ടാം റണ്ണിനായുള്ള ഓട്ടം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന അശ്വിന്‍ ക്രീസിലേക്ക് ഡൈവ് ചെയ്യും മുന്നെ തന്നെ മക്കോയുടെ കൈയില്‍ പന്ത് ലഭിച്ചിരുന്നു. എന്നാല്‍ പന്ത് കൈയില്‍ ഭദ്രമായി കരുതിയ താരം ബെയ്‌ല്‍സ് ഇളക്കാന്‍ തയ്യാറായില്ല.
അശ്വിന്‍ നേരത്തെ തന്നെ ക്രീസിലെത്തിയെന്ന ചിന്തയാലാണ് താരം ബെയ്‌ല്‍സ് തെറിപ്പിക്കാതിരുന്നത്. എന്നാല്‍ ഈ സമയം ക്രീസിന് ഏറെ ദൂരത്തായിരുന്നു അശ്വിന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരങ്ങളാണ് അശ്വിനും മക്കോയും. കഴിഞ്ഞ സീസണിലെ ഫൈനലിലടക്കം രാജസ്ഥാനായി ഇരുവരും നിരവധി മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്.