മുംബൈ:ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്ക് അവകാശവാദം ഉന്നയിക്കാന്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ് മുന്നിലുള്ള അവസരമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര. റിഷഭ് പന്തിന്‍റെ പങ്കാളിത്തം ചോദ്യചിഹ്നമായിരിക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരെ മിന്നും പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ സഞ്‌ജുവിന്‍റെ ഭാവിയ്‌ക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. 2022 നവംബറിന് ശേഷം ആദ്യമായാണ് 28-കാരനായ സഞ്‌ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളിയെത്തുന്നത്.
ഇപ്പോഴിതാ താരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഒപ്പം ഓപ്പണറാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ്. സൂര്യകുമാർ യാദവ് മധ്യനിരയിൽ കളിക്കുന്നതിനാലാണ് പ്രസാദ് സഞ്ജുവിനെ ഓപ്പറായി ഇറക്കണമെന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്. "ഇതിനകം തന്നെ സൂര്യകുമാർ യാദവ് ടീമിലുണ്ട്. സഞ്ജുവും സൂര്യകുമാര്‍ യാദവും തമ്മില്‍ ഒരു മത്സരം ഉണ്ടെന്ന് എനിക്കു തോന്നുന്നേയില്ല.
സഞ്ജു ഒരു ടോപ് ഓർഡർ ബാറ്ററാണ്. സൂര്യകുമാര്‍ യാദവ് ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്ററാണ്. നാലാമതോ, അഞ്ചാമതോ ഒക്കെ കളിക്കാം. രോഹിത് ശർമയ്‌ക്കൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യില്ലെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അതില്‍ തന്നെ സഞ്‌ജുവും സൂര്യയും തമ്മില്‍ പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ ഒരു മത്സരവുമില്ല. സഞ്‌ജുവും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററും തമ്മിലാണ് മത്സരമുള്ളത്", എംഎസ്‌കെ പ്രസാദ് പറഞ്ഞു.
നിലവില്‍ രോഹിത്തിനൊപ്പം ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങുന്നത്. കൂടാതെ ഓപ്പണര്‍മാരായി കളിക്കുന്ന ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിലുണ്ട്. ഇതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്‌ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.