ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓള്‍ ഫോര്‍മാറ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20-കളുമടക്കം ആകെ 10 മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്നത്. പരമ്പരയ്‌ക്കായി ഇതിനകം തന്നെ വിവിധ സംഘങ്ങളായി ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ എത്തിയിട്ടുണ്ട്.
ജൂലെ 12-ന് ഡൊമിനിക്കയിലെ റോസോവിലെ വിൻസർ പാർക്കില്‍ തുടങ്ങുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോര് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ബാർബഡോസിലെ യുവതാരങ്ങൾക്കൊപ്പവും ടീം ഇന്ത്യ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിന് ശേഷം പ്രാദേശിക താരങ്ങളിലൊരാള്‍ക്ക് തന്‍റെ ബാറ്റും ഷൂസും സമ്മാനിച്ച് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് പേസര്‍ മുഹമ്മദ് സിറാജ്.
ഇതിന്‍റെ വിഡിയോ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. സിറാജിനെക്കൂടാതെ ഇന്ത്യയുടെ മറ്റ് കളിക്കാര്‍ക്കൊപ്പവും ബാര്‍ബഡോസിലെ യുവ താരങ്ങള്‍ സമയം ചിലവഴിക്കുന്നുണ്ട്. ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തും ഓട്ടോഗ്രാഫ് നല്‍കിയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും കരീബിയന്‍ യുവതയെ ചേര്‍ത്ത് പിടിക്കുന്ന ഇന്ത്യന്‍ താരങ്ങളേയും വിഡിയോയില്‍ കാണാം. ഇതിനോടകം തന്നെ സോഷ്യല്‍ മിഡിയ പ്രസ്‌തുത വിഡിയോ ഏറ്റെടുത്തിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഫോര്‍മാറ്റിലേക്കുള്ള സ്‌ക്വാഡിനെയും ബിസിസിഐ ഏടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശര്‍മയും തുടര്‍ന്ന് നടക്കുന്ന ടി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അഴിച്ചുപണിയുടെ സൂചന നല്‍കിയാണ് ടെസ്റ്റ് ടീമിന്‍റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.