ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ 150ല്‍ എറിഞ്ഞൊതുക്കിയ ഇന്ത്യന്‍ ടീം ആദ്യ ഇന്നിങ്‌സില്‍ 80 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മ (30), അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ (40) എന്നിവരാണ് ക്രീസില്‍.
ആദ്യ ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ പിടിച്ചെടുത്ത മേധാവിത്വം ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്കായി. ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടി ആതിഥേയരെ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ ഇന്ത്യയ്‌ക്കായിരുന്നു. 68-ന് നാല് എന്ന നിലയിലായിരുന്നു ആദ്യ ദിനത്തില്‍ വിന്‍ഡീസ് ലഞ്ചിന് പിരിഞ്ഞത്.
രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമാണ് ആദ്യ സെഷനില്‍ സ്വന്തമാക്കിയത്. തഗെനരൈന്‍ ചന്ദര്‍പോള്‍ (12), ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (20), റെയ്‌മോണ്‍ റെയ്‌ഫെര്‍ (2), ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ് (14) എന്നിവരുടെ വിക്കറ്റുകളായിരുന്നു ആദ്യ സെഷനില്‍ തന്നെ വിന്‍ഡീസിന് നഷ്‌ടമായത്. വിന്‍ഡീസ് ഓപ്പണര്‍മാരെ അശ്വിന്‍ മടക്കിയപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ റെയ്‌മോണ്‍ റെയ്‌ഫെറുടെ വിക്കറ്റ് ശര്‍ദുല്‍ താക്കൂറാണ് സ്വന്തമാക്കിയത്.
ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡിനെയായിരുന്നു (Jermaine Blackwood) രവീന്ദ്ര ജഡേജ പുറത്താക്കിയത്. ബ്ലാക്ക്‌വുഡിനെ ജഡേജ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന്‍റെ (Mohammed Siraj) കൈകളില്‍ എത്തിക്കുകയായിരുന്നു. അത്യുഗ്രന്‍ ഫീല്‍ഡിങ് മികവ് പുറത്തെടുത്തായിരുന്നു സിറാജ് വിന്‍ഡീസ് താരം അടിച്ചുയര്‍ത്തിയ പന്ത് കൈപ്പിടിയിലൊതുക്കിയത്.