അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യൻ നിര ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. കെഎൽ രാഹുൽ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹല്‍ എന്നിവർക്ക് പകരം ശിഖാർ ധവാൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. അക്കീല്‍ ഹൊസെയ്‌ന് പകരം ഹൈഡൻ വാലിഷ് വിൻഡീസ് നിരയിൽ ഇടം പിടിച്ചു.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ മത്സരം കൂടെ വിജയിച്ച് പരമ്പര തൂത്ത് വാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പേസ്, സ്പിൻ ബോളർമാരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് രണ്ട് മത്സരങ്ങളിലും മികച്ച വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ സ്പിന്നർമാർ കളി പിടിച്ചപ്പോൾ രണ്ടാം മത്സരത്തിൽ പേസ് നിരയാണ് മത്സരത്തെ വരുതിയിലാക്കിയത്. ബാറ്റർമാരും അവസരത്തിനൊത്തുയരുന്നുണ്ട്. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ഇന്നും പ്രതീക്ഷിക്കുന്നില്ല.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയ വിൻഡീസിനെ സംബന്ധിച്ച് ഇന്നത്തെ വിജയം ഏറെ നിർണായകമാണ്. ബാറ്റർമാരുടെ ഫോമില്ലായ്‌മയാണ് വിൻഡീസിനെ പൂർണമായും തളർത്തുന്നത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കിയിട്ടും 44 റണ്‍സിന്‍റെ തോൽവി വിൻഡീസിന് ഏറ്റുവാങ്ങേണ്ടി വന്നു. മുൻനിര ബാറ്റർമാരെക്കാൾ വാലറ്റക്കാരാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി വിൻഡീസിന് വേണ്ടി പൊരുതുന്നത്.
ALSO READ: 'ഓസ്‌ട്രേലിയൻ പരമ്പര വിജയത്തിന്‍റെ ക്രെഡിറ്റ് ചിലർ തട്ടിയെടുത്തു'; ശാസ്‌ത്രിക്കെതിരെ ഒളിയമ്പുമായി രഹാനെ