ഡൊമനിക്ക : ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ബുധനാഴ്ച (ജൂലൈ 12) ഡൊമനിക്കയിലെ വിൻഡ്‌സർ പാർക്കിൽ തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ മത്സരം കൂടിയാണിത്.
ഇതോടെ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചാവില്ല രോഹിത് ശര്‍മയും സംഘവും വിന്‍ഡീസിനെതിരെ ഇറങ്ങുക. ഉടച്ചുവാര്‍ക്കലിന്‍റെ സൂചന നല്‍കിയാണ് ഇത്തവണത്തെ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പുണ്ടായത്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര പുറത്തായപ്പോള്‍ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, മുകേഷ് കുമാർ, നവ്ദീപ് സെയ്നി തുടങ്ങിയവര്‍ക്ക് ടീമിലേക്ക് വിളിയെത്തി. യശസ്വി ജയ്‌സ്വാളിന് അരങ്ങേറ്റത്തിന് സാധ്യതയേറെയാണ്. മറ്റുതാരങ്ങളില്‍ ആര്‍ക്കൊക്കെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
മറുവശത്ത് ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാത്ത നിരാശ മാറ്റാനാണ് വിന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ ലക്ഷ്യം വയ്‌ക്കുന്നത്. ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് നയിക്കുന്ന ടീമിലേക്കും പുതുമുഖ താരങ്ങള്‍ക്ക് വിളിയെത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കിര്‍ക്ക് മക്കെന്‍സി, അലിക്ക് അത്നാസെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. രണ്ട് വര്‍ഷത്തിന് ശേഷം റകീം കോൺവാള്‍ തിരിച്ചെത്തിയപ്പോള്‍ മോശം ഫോമിലുള്ള ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പിച്ച് റിപ്പോര്‍ട്ട് :ബാറ്റർമാർക്കും ബോളർമാർക്കും തുല്യ സഹായം നൽകുന്നതാണ് വിൻഡ്‌സര്‍ പാർക്കിലെ പിച്ച്. തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ നാലും അഞ്ചും ദിനങ്ങളില്‍ സ്‌പിന്നര്‍മാര്‍ക്കും സഹായം ലഭിക്കും. ബാറ്റര്‍മാരെ സംബന്ധിച്ച് രണ്ടും മൂന്നും ദിനങ്ങളാണ് അനുകൂലമായ സാഹചര്യം. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. നാലാം ഇന്നിങ്‌സില്‍ ചേസ് ചെയ്യുന്നത് പ്രയാസകരമാണ്.
മത്സരം കാണാന്‍ : ടെലിവിഷനില്‍ ദൂരദര്‍ശനാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലൂടെയും ഫാന്‍ കോഡ് ആപ്പിലൂടെയും മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ് :രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ ,മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
ALSO READ:Rohit Sharma | "ക്യാപ്റ്റന്‍സി പോര, കപ്പടിക്കുന്നില്ല": രോഹിത്തിന്‍റെ കാര്യത്തില്‍ നിരാശനെന്ന് സുനില്‍ ഗവാസ്‌കര്‍
ആദ്യ ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് :ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (ക്യാപ്‌റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്‌റ്റന്‍), അലിക്ക് അത്നാസെ, തഗെനരൈന്‍ ചന്ദര്‍പോള്‍, റകീം കോൺവാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കൻസി, റെയ്‌മൺ റെയ്‌ഫർ, കീമർ റോച്ച്, ജോമൽ വാരിക്കൻ.