അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്റ്റ് ഇൻഡീസിന്‍റെ 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 27.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി തിളങ്ങിയ നായകൻ രോഹിത് ശർമ(60) യാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
വിൻഡീസിന്‍റെ ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 84 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. രോഹിത്തിനെ പുറത്താക്കി അൽസരി ജോസഫാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ എത്തിയ വിരാട് കോലി(8) നിലയുറപ്പിക്കും മുന്നേ തന്നെ മടങ്ങി. തുടർന്നിറങ്ങിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഇഷാൻ കിഷൻ ടീം സ്കോർ 100 കടത്തി. ടീം സ്കോർ 115ൽ നിൽക്കെ കിഷനെ(28) ഇന്ത്യക്ക് നഷ്‌ടമായി. തൊട്ടടുത്ത ഓവറിൽ റിഷഭ് പന്ത്(11) അപ്രതീക്ഷിതമായി റണ്‍ ഔട്ട് ആയി.