ഡൊമിനിക്ക:വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് (India) ജയം. ഇന്നിങ്സിനും 141 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ വീഴ്ത്തിയത്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ (Ravichandran Ashwin) തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിലും ആതിഥേയരെ എറിഞ്ഞിട്ടത്.
വിന്‍ഡീസിനെ ആദ്യം 150 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 421-5 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി എന്നിവരുടെ ബാറ്റിങ് മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 271 റണ്‍സ് ലീഡാണ് നേടിയത്.
രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസിന് 130 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന് ഏഴ് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും സ്വന്തമാക്കി. 28 റണ്‍സ് നേടിയ അലിക്ക് അത്നാസെയാണ് രണ്ടാം ഇന്നിങ്സിലും വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
271 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ വിന്‍ഡീസ് കരുതലോടെയാണ് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ തഗെനരൈന്‍ ചന്ദര്‍പോളും നായകന് ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും നിലയുറപ്പിച്ച് കളിക്കാന്‍ നോക്കി. പ്രതിരോധത്തിലേക്ക് വലിഞ്ഞായിരുന്നു ഇരുവരുടെയും ബാറ്റിങ്ങ്.
ആദ്യ ഒന്‍പത് ഓവറില്‍ അത്ര തന്നെ റണ്‍സ് മാത്രമായിരുന്നു വിന്‍ഡീസ് സ്കോര്‍ബോര്‍ഡിലേക്ക് എത്തിയത്. പത്താം ഓവര്‍ പന്തെറിയാനെത്തിയ രവീന്ദ്ര ജഡേജയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പത്താം ഓവറിലെ നാലാം പന്തില്‍ ചന്ദര്പോളിനെയാണ് ജഡേജ വീഴ്ത്തിയത്.