കേരളം

kerala

ETV Bharat / sports

IND vs WI | പന്തുകൊണ്ട് അശ്വിന്‍, ബാറ്റെടുത്തപ്പോള്‍ ജയ്‌സ്വാളും രോഹിത്തും; ഡൊമിനിക്കയില്‍ ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസിനെ 150 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ആദ്യം ദിനം 80-0 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ഇന്ത്യയ്‌ക്കായി അശ്വിന്‍ അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി

IND vs WI  IND vs WI First Test  R Ashwin  West Indies  India  Ravichandran Ashwin  Rohit Sharma  IND vs WI First Test Day one report  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രവീന്ദ്ര ജഡേജ  രവിചന്ദ്രന്‍ അശ്വിന്‍  രോഹിത് ശര്‍മ  യശസ്വി ജയ്‌സ്വാള്‍
IND vs WI

By

Published : Jul 13, 2023, 7:19 AM IST

ഡൊമിനിക്ക:വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ആധിപത്യം. ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടം കൂടാതെ ഇന്ത്യ (India) 80 റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 70 റണ്‍സ് പിന്നിലാണ് നിലവില്‍ രോഹിത് ശര്‍മയും (Rohit Sharma) സംഘവും. യശസ്വി ജയ്‌സ്വാള്‍ (73 പന്തില്‍ 40), രോഹിത് ശര്‍മ (65 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍.

ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസിന് ഡൊമിനിക്കയില്‍ 150 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) തകര്‍പ്പന്‍ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പത്ത് ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാരെ കൃത്യമായി പ്രതിരോധിക്കാന്‍ അവര്‍ക്കായി. അശ്വിന്‍ പന്തെറിയാനെത്തിയതോടെ കളി മാറി.

തഗെനരൈന്‍ ചന്ദര്‍പോളിനെ മടക്കിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. 44 പന്ത് നേരിട്ട് 12 റണ്‍സ് നേടിയ വലിന്‍ഡീസ് ഓപ്പണറെ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 31ല്‍ നില്‍ക്കെയാണ് വിന്‍ഡീസിന് ചന്ദര്‍പോളിനെ നഷ്‌ടമാകുന്നത്.

നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റിനെയും (20) അധികം വൈകാതെ തന്നെ തിരികെ പവലിയനിലെത്തിക്കാന്‍ അശ്വിന് സാധിച്ചു. മൂന്നാമനായി ക്രീസിലെത്തിയ റെയ്‌മണ്‍ റെയ്‌ഫറെ ശര്‍ദുല്‍ താക്കൂറും മടക്കി. 18 പന്തില്‍ രണ്ട് റണ്‍സായിരുന്നു റെയ്‌ഫറുടെ സമ്പാദ്യം.

47 റണ്‍സെടുക്കുന്നതിനിടെയാണ് വിന്‍ഡീസിന് ആദ്യ മൂന്ന് വിക്കറ്റും നഷ്‌ടമായത്. സ്‌കോര്‍ 68ല്‍ നില്‍ക്കെ ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡിനെയും (14) ആതിഥേയര്‍ക്ക് നഷ്‌ടപ്പെട്ടു. രവീന്ദ്ര ജഡേജയുടെ പന്തില്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ മുഹമ്മദ് സിറാജാണ് ബ്ലാക്ക്‌വുഡിനെ മടക്കിയത്.

ഇതോടെ ആദ്യ സെഷനില്‍ തന്നെ വിന്‍ഡീസിന്‍റെ നാല് വിക്കറ്റ് നേടി ഇന്ത്യയ്‌ക്ക് മത്സരത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാനായി. 68-4 എന്ന നിലയിലാണ് ഒന്നാം ദിനത്തില്‍ വിന്‍ഡീസ് ലഞ്ചിന് പിരിഞ്ഞത്. തുടര്‍ന്ന് രണ്ടാം സെഷനില്‍ ബാറ്റിങ് പുനരാരംഭിച്ചപ്പോഴും ആദ്യത്തെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ആതിഥേയര്‍ക്കായില്ല.

32-ാം ഓവറില്‍ ജോഷുവ ഡി സില്‍വയും പുറത്തായി. രവീന്ദ്ര ജഡേജയാണ് സില്‍വയുടെ വിക്കറ്റ് സ്വന്തമാക്കിയത്. സ്‌കോര്‍ 76ല്‍ നില്‍ക്കെയാണ് അവര്‍ക്ക് അഞ്ചാം വിക്കറ്റ് നഷ്‌ടപ്പെടുന്നത്. ആറാം വിക്കറ്റില്‍ ഒന്നിച്ച അലിക്ക് അത്നാസെയും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് ടീമിനെ 100 കടത്തി. ഇരുവരും ചേര്‍ന്ന് 41 റണ്‍സാണ് വിന്‍ഡീസിനായി കൂട്ടിച്ചേര്‍ത്തത്. 61 പന്തില്‍ 18 റണ്‍സ് നേടിയ ഹോള്‍ഡറെ മടക്കി മുഹമ്മദ് സിറാജായിരുന്നു ഇവിടെ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വിന്‍ഡീസ് വാലറ്റക്കാരെ അശ്വിനും ജഡേജയും ചേര്‍ന്നാണ് തിരികെ കൂടാരം കയറ്റിയത്. അവസാന നാല് വിക്കറ്റുകളില്‍ മൂന്നും സ്വന്തമാക്കിയത് അശ്വിനാണ്. അലിക്ക് അത്നാസെ (47), അല്‍സാരി ജോസഫ് (4), ജോമല്‍ വാരികന്‍ (1) എന്നിവരെക്കൂടി പുറത്താക്കിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

കെമര്‍ റോച്ച് (1) ആയിരുന്നു മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ മൂന്നാമത്തെ ഇര. ശര്‍ദുല്‍ താക്കൂറും മുഹമ്മദ് സിറാജും ചേര്‍ന്ന് ഓരോ വിക്കറ്റുകളുമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.

Also Read :ഇന്ത്യയ്‌ക്ക് ഐസിസി കിരീടങ്ങള്‍ ലഭിക്കാത്തതിന്‍റെ കാരണമിതാണ് ; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

ABOUT THE AUTHOR

...view details