മുംബൈ:കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത് ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, യുവതാരം റിങ്കു സിങ്ങിനെ തഴഞ്ഞ സെലക്‌ടര്‍മാരുടെ തീരുമാനത്തില്‍ അതൃപ്‌തരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.
ഐപിഎല്‍ പതിനാറാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഫിനിഷര്‍ റോളില്‍ മിന്നും പ്രകടനമായിരുന്നു റിങ്കു സിങ് കാഴ്‌ചവെച്ചത്. ഇതിന് പിന്നാലെ പല മുന്‍താരങ്ങളും റിങ്കുവിനെ ഇന്ത്യയുടെ ഭാവി ഫിനിഷര്‍ എന്ന് വാഴ്‌ത്തി. ഇതിന് പിന്നാലെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
എന്നാല്‍, ടീം പ്രഖ്യാപനം വന്നപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. നേരത്തെ, എമേര്‍ജിങ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ എ ടീമിലേക്കും റിങ്കുവിനെ പരിഗണിച്ചിരുന്നില്ല. റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവര്‍ എന്നിവര്‍ക്ക് എ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം നടത്തിയ റിങ്കു സിങ്ങിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സര്‍ഫറാസ് ഖാനെ പരിഗണിക്കാതിരുന്നത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു. റിങ്കുവിനൊപ്പം ജിതേഷ് ശര്‍മയേയും തഴഞ്ഞതില്‍ ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.