മുംബൈ: യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), തിലക് വര്‍മ (Tilak Varma)... ഐപിഎല്‍ പതിനാറാം പതിപ്പില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയ രണ്ട് ഇടംകയ്യന്‍ ബാറ്റര്‍മാര്‍. ഐപിഎല്ലിന് പിന്നാലെ പലരും ഇവര്‍ താമസിയാതെ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനങ്ങളെല്ലാം അതേപടി സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. യുവതാരനിരയുമായാണ് ഇന്ത്യ വിന്‍ഡീസിലേക്ക് പറക്കുക. ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) നയിക്കുന്ന ടീമിലേക്കാണ് ഇപ്പോള്‍ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാസംണും (Sanju Samson) ടീമില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്‌ജു സ്ഥാനം നേടിയിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോലി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ ഇല്ലാതെയാണ് ഇക്കുറിയും ടി20യില്‍ ബിസിസിഐയുടെ (BCCI) ടീം പ്രഖ്യാപനം.
ഇന്ത്യയുടെ ഈ രണ്ട് മുതിര്‍ന്ന താരങ്ങളും വിന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ കളിക്കും. തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍ (Shubman Gill), സൂര്യകുമാര്‍ യാദവ് (Surya Kumar Yadav), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവര്‍ക്കെല്ലാം വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം സ്‌പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിനെയാണ് (Axar Patel) ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.