തിരുവനന്തപുരം:ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തിളങ്ങിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സാണ് കോലി അടിച്ചെടുത്തത്. മൂന്ന് മത്സര പരമ്പരയിലെ കോലിയുടെ രണ്ടാം സെഞ്ചുറിയായിരുന്നുവിത്.
ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും 34കാരനായ താരം മൂന്നക്കം തൊട്ടിരുന്നു. അന്ന് 87 പന്തുകളില്‍ 113 റണ്‍സാണ് കോലി നേടിയത്. നിലവില്‍ ഏകദിനത്തില്‍ 46 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. ഇനി മൂന്ന് സെഞ്ചുറികള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്ക് കഴിയും. 49 ഏകദിന സെഞ്ചുറികളാണ് സച്ചിനുള്ളത്.
എന്നാല്‍ കാര്യവട്ടത്തെ കളിക്ക് പിന്നാലെ ചില അപൂര്‍വ റെക്കോഡുകളും കോലിയെ തേടിയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകളാണ് 34കാരന്‍ പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ കോലിക്ക് പിന്നിലായി.
ലങ്കയ്‌ക്കെതിരെ 10-ാം സെഞ്ചുറിയാണ് കോലി കാര്യവട്ടത്ത് നേടിയത്. ഇതോടെ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോഡും കോലി പോക്കറ്റിലാക്കി. ലങ്കയ്‌ക്ക് എതിരെ ഒമ്പത് സെഞ്ചുറികളായിരുന്നു സച്ചിന്‍റെ റെക്കോഡ്.