ധര്‍മ്മശാല: അന്താരാഷ്‌ട്ര ടി20യില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയതോടെയാണ് ഇന്ത്യൻ നായകൻ പുതിയ നേട്ടം സ്വന്തമാക്കിയത്.
താരത്തിന്‍റെ 125-ാം മത്സരമാണിത്. ഇതോടെ 124 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍റെ വെറ്ററൻ ബാറ്റർ ഷൊയ്ബ് മാലിക്കിന്‍റെ റെക്കോഡ് പഴങ്കഥയായി. പാക് താരം മുഹമ്മദ് ഹഫീസ് (119), ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൻ മോർഗൻ (115), ബംഗ്ലാദേശ് താരം മഹ്മൂദുള്ള (113) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.