മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയാണ്. മൂന്ന് മത്സര പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു. ഗുവാഹത്തിയിലെ ഒന്നാം ഏകദിനത്തില്‍ 87 പന്തുകളില്‍ 113 റണ്‍സായിരുന്നു കോലി നേടിയത്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സ് അടിച്ച് കൂട്ടുകയും ചെയ്‌തു.
ഇതടക്കം പരമ്പരയില്‍ ആകെ 283 റണ്‍സ് കണ്ടെത്താനും കോലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കോലിക്കൊപ്പം തന്നെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനായിരുന്നുവെന്നാണ് മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. സിറാജ് ഭാവിയുടെ താരമാണെന്നും ഗംഭീര്‍ പറഞ്ഞു.
"പരമ്പരയില്‍ കോലിക്ക് ഒപ്പം തന്നെയാണ് സിറാജ്. കോലിക്കൊപ്പം സിറാജിനെയും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കണമായിരുന്നു. കാരണം, അസാധാരണ പ്രകടനമാണ് അവന്‍ നടത്തിയത്.
ബാറ്റിങ് പിച്ചുകളിലായിരുന്നു അവന്‍റെ വിക്കറ്റ് വേട്ട. പരമ്പരയുടെ താരമായി ബാറ്റര്‍മാരെ തെരഞ്ഞെടുക്കുക എന്നത് എപ്പോഴുമുള്ള രീതിയാണെന്ന് എനിക്കറിയാം. പക്ഷെ, സിറാജിന്‍റെ പ്രകടനം ഗംഭീരമായിരുന്നു.