കൊല്‍ക്കത്ത:വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും വിന്‍ഡീസിനെതിരായ അവസാന ടി20യില്‍ കളിക്കില്ല. ദീര്‍ഘകാലമായി ബയോ ബബിളില്‍ തുടരുന്ന ഇരുവര്‍ക്കും വിശ്രമം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ബിസിസിഐ. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഇരുവരും കളിക്കില്ല. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിന് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഈ മാസം 24ന് ലഖ്‌നൗവിലാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. രണ്ടാം മത്സരം 26ന് ധര്‍മശാലയില്‍. തൊട്ടടുത്ത ദിവസം ഇതേ വേദിയില്‍ തന്നെ മൂന്നാം മത്സരവും നടക്കും.
ഇന്ത്യയുടെ ടെസ്റ്റ് നായകനെയും ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ അയല്‍രാജ്യത്തിനെതിരെ കളിക്കുക. കോലിയുടെ 100-ാം ടെസ്റ്റിനും ഈ പരമ്പര സാക്ഷ്യം വഹിക്കും. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് ശേഷമാണ് കോലി ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞത്.
ALSO READ:FIFA WC 2022: ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്, ലോകകപ്പ് ടീം സ്‌ക്വാഡിൽ സുപ്രധാന മാറ്റമുണ്ടായേക്കും