ഗുവാഹത്തി : ഐസിസി നിയമമായി അംഗീകരിച്ചെങ്കിലും മങ്കാദിങ് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തതാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നടത്തിയ മങ്കാദിങ് ഒടുവില്‍ ചിരിയിലാണ് അവസാനിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.
ലങ്കന്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവറിലാണ് സംഭവം നടന്നത്. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മറുപടിക്കിറങ്ങിയ ലങ്ക നേരത്തെ തന്നെ തോല്‍വി ഉറപ്പിച്ചിരുന്നുവെങ്കിലും നായകന്‍ ദാസുന്‍ ഷനകയുടെ സെഞ്ചുറിക്കായാണ് ലങ്കന്‍ ആരാധകര്‍ കാത്തിരുന്നത്. അവസാന ഓവര്‍ ഷമി എറിയാനെത്തുമ്പോള്‍ സെഞ്ചുറി തികയ്‌ക്കാനായി ഷനകയ്‌ക്ക് അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ഷമിയുടെ ആദ്യ പന്തില്‍ ഡബിള്‍ ഓടിയ ഷനകയ്‌ക്ക് രണ്ടാം പന്തില്‍ റണ്‍സെടുക്കാനായില്ല. മൂന്നാം പന്തില്‍ സിംഗിളെടുത്ത താരം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എത്തി. ഈ സമയം മൂന്നക്കം തൊടാന്‍ രണ്ട് റണ്‍സായിരുന്നു ലങ്കന്‍ ക്യാപ്റ്റന് വേണ്ടിയിരുന്നത്.
തുടര്‍ന്ന് പന്തെറിയാനെത്തിയ ഷമി ഷനക ക്രീസിന് പുറത്താണെന്ന് കണ്ടതോടെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കുകയായിരുന്നു. ഷമിയുടെ അപ്പീല്‍ മൂന്നാം അമ്പയര്‍ക്ക് വിട്ടപ്പോഴേക്കും ഇടപെട്ട രോഹിത് അത് പിന്‍വലിക്കുകയായിരുന്നു. ഇതോടെ ചെറുചിരിയോടെ നാടകീയത അവസാനിക്കുകയും മത്സരം പുനരാരംഭിക്കുകയും ചെയ്‌തു.
ഒടുവില്‍ നാലാം പന്തില്‍ സിംഗിള്‍ ലഭിച്ച ഷനക അഞ്ചാം പന്തില്‍ ബൗണ്ടറി കണ്ടെത്തിയാണ് സെഞ്ചുറി നേടിയത്. തുടര്‍ന്ന് അവസാന പന്തില്‍ സിക്‌സും നേടിയാണ് ഷനക ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. അതേസമയം മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ വിജയം നേടിയിരുന്നു.
also read:IND vs SL | ഷനകയുടെ സെഞ്ച്വറി പാഴായി, ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 67 റണ്‍സ് ജയം
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 373 റണ്‍സാണ് നേടിയത്. ഇന്ത്യയ്‌ക്കായി വിരാട് കോലി (113) സെഞ്ചുറി നേടിയപ്പോള്‍ രോഹിത് ശര്‍മ (83) ശുഭ്‌മാന്‍ ഗില്‍ (70) എന്നിവര്‍ അര്‍ധ സെഞ്ചുറി പ്രകടനവും നടത്തി. മറുപടിക്കിറങ്ങിയ ലങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഷനകയുടെ സെഞ്ചുറി പോരാട്ടം പാഴായി. ഇന്ത്യയ്‌ക്കായി ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി.