തിരുവനന്തപുരം: ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 20 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുള്ളത്. 52* റണ്‍സുമായി ശുഭ്‌മാന്‍ ഗില്ലും 24* റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
49 പന്തില്‍ 42 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ ചാമിക കരുണരത്‌നെയാണ് പുറത്താക്കിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും ഇന്ത്യയ്‌ക്ക് നല്‍കിയത്. രോഹിത് കരുതലോടെ തുടങ്ങിയപ്പോള്‍ ഗില്ലാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. കാസുന്‍ രജിതയുടെ ആദ്യ ഓവര്‍ മെയ്‌ഡന്‍ ആയപ്പോള്‍ ലഹിരു കുമാരയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.
തുടര്‍ന്ന് ആദ്യ പത്ത് ഓവറില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് ചേര്‍ത്തു. 16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ രോഹിത് പുറത്താവുമ്പോള്‍ 95 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. രണ്ട് ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്‌സ്. 19ാം ഓവറിന്‍റെ അവസാന പന്തിലാണ് ഗില്‍ അര്‍ധ സെഞ്ചുറി തികച്ചത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീലങ്കയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ പുറത്തായി. ലങ്കന്‍ ടീമില്‍ ആഷെൻ ബണ്ഡാര, ജെഫ്രി വന്ദർസായി എന്നിവരാണ് ഇടം കണ്ടെത്തിയത്. ധനഞ്ജയ ഡി സിൽവ, ദുനിത് വെല്ലലഗെ എന്നിലര്‍ പുറത്തായി.
കാണാനുള്ള വഴി : സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ഡബ്ല്യു), വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ശ്രീലങ്ക (പ്ലേയിങ് ഇലവൻ): അവിഷ്‌ക ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ, കുശാല്‍ മെൻഡിസ്, ആഷെൻ ബണ്ഡാര, ചരിത് അസലങ്ക, ദസുൻ ഷനക (c), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ജെഫ്രി വന്ദർസായി, കസുൻ രജിത, ലഹിരു കുമാര.