ഗുവാഹാട്ടി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 373 റണ്‍സാണ് നേടിയത്. സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കേലിയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 143 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. രോഹിത് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പതിയെയാണ് ഗില്‍ ഗിയര്‍ മാറ്റിയത്.
41 പന്തുകളില്‍ നിന്ന് രോഹിത് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ 51 പന്തുകളില്‍ നിന്നാണ് ഗില്‍ അര്‍ധസെഞ്ചുറി തികച്ചത്. 14.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ മൂന്നക്കം കടത്തിയിരുന്നു. ഒടുവില്‍ 19ാം ഓവറിന്‍റെ നാലാം പന്തില്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ നായകന്‍ ദസുൻ ഷനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
60 പന്തുകളില്‍ നിന്ന് 11 ഫോറുകള്‍ സഹിതം 70 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ കോലിക്കൊപ്പം അനായാസം ബാറ്റിങ് തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് രോഹിത്തിന്‍റെ മടക്കം. 67 പന്തുകളില്‍ നിന്ന് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സും സഹിതം 83 റണ്‍സെടുത്തെ ഇന്ത്യന്‍ നായകനെ ദില്‍ഷന്‍ മധുശങ്കയാണ് പുറത്താക്കിയത്.
രോഹിത്തിന്‍റെ ബാറ്റിലുരസിയ പന്ത് ബെയ്‌ല്‍സ് ഇളക്കുകയായിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും കോലിയും ചേര്‍ന്ന് 27ാം ഓവറില്‍ ഇന്ത്യയെ 200 കടത്തി. എന്നാല്‍ ശ്രേയസിനെ പുറത്താക്കിയ ധനഞ്ജയ ഡി സില്‍വ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തില്‍ 28 റണ്‍സെടുത്താണ് ശ്രേയസിന്‍റെ സമ്പാദ്യം.
തുടര്‍ന്നെത്തിയ കെഎല്‍ രാഹുലും (29 പന്തില്‍ 39 ) ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 14) അക്‌സര്‍ പട്ടേലും (9പന്തില്‍9) തിരിച്ച് കയറിയപ്പോഴും ഒരറ്റത്ത് കോലി അടി തുടര്‍ന്നു. 49ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് കോലി പുറത്താവുന്നത്. 87 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്. 45-ാം ഏകദിന സെഞ്ച്വറിയാണ് കോലി ഗുവാഹത്തിയില്‍ നേടിയത്.
മുഹമ്മദ് ഷമി(4), മുഹമ്മദ് സിറാജ് (7) എന്നിവര്‍ പുറത്താവാതെ നിന്നു. ശ്രീലങ്കയ്‌ക്കായി കസുൻ രജിത 10 ഓവറില്‍ 88 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദിൽഷൻ മധുശങ്ക, ചാമിക കരുണരത്‌നെ, ദസുൻ ഷനക, ധനഞ്ജയ ഡി സിൽവ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ.
ശ്രീലങ്ക പ്ലേയിങ് ഇലവൻ: പാത്തും നിസ്സാങ്ക, കുശാൽ മെൻഡിസ് (ഡബ്ല്യു), അവിഷ്‌ക ഫെർണാണ്ടോ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദസുൻ ഷനക (സി), വാനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, കസുൻ രജിത, ദിൽഷൻ മധുശങ്ക.