ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 67 റണ്‍സ് ജയം. 374 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കന്‍ നിരയ്‌ക്ക് നിശ്ചിത ഓവറില്‍ 306 റണ്‍സ് നേടാനെ സാധിച്ചുളളൂ. 88 പന്തില്‍ നിന്നും 108 റണ്‍സുമായി ക്യാപ്‌റ്റന്‍ ദസുന്‍ ഷനക പുറത്താവാതെ പൊരുതിയെങ്കിലും ശ്രീലങ്കയെ വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
ലങ്കന്‍ നിരയില്‍ ഷനകയ്‌ക്ക് പുറമെ പാത്തും നിസങ്ക(72), ധനഞ്ജയ ഡിസില്‍വ(47), ചരിത് അസലങ്ക(23) എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായി സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്‌ക്കായി ഉമ്രാന്‍ മാലിക്ക് മൂന്നും, മുഹമ്മദ് സിറാജ് രണ്ടും, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. നേരത്തെ വിരാട് കോലിയുടെ സെഞ്ച്വറി മികവിലും രോഹിത്, ഗില്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ 373 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്.
87 പന്തുകളില്‍ നിന്നും 12 ഫോറുകളുടെയും ഒരു സിക്‌സിന്‍റെയും അകമ്പടിയിലാണ് കോലി 113 റണ്‍സ് നേടിയത്. കരിയറിലെ 45-ാം എകദിന സെഞ്ച്വറി നേടിയ കോലി തന്നെയാണ് ആദ്യ ഏകദിനത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച്. ഓപ്പണിങ് വിക്കറ്റില്‍ മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്‌ക്ക് നല്‍കിയത്.
67 പന്തുകളില്‍ നിന്നും ഒമ്പത് ഫോറും 3 സിക്‌സറുകളുമടക്കം 83 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ദില്‍ഷന്‍ മധുഷനകയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഗില്‍ 60 പന്തുകളില്‍ നിന്ന് 11 ഫോറുകളുടെ അകമ്പടിയില്‍ 70 റണ്‍സ് നേടി. കെഎല്‍ രാഹുല്‍(39), ശ്രേയസ് അയ്യര്‍(28), ഹാര്‍ദിക് പാണ്ഡ്യ(14) തുടങ്ങിയവരാണ് ഇന്ത്യയ്ക്കായി രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
ലങ്കയ്‌ക്കായി ദില്‍ഷന്‍ മധുഷനക, ചാമിക കരുണരത്‌നെ, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ജനുവരി 12ന് കൊല്‍ക്കത്തയിലാണ് രണ്ടാം ഏകദിനം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം ജനുവരി 15ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും നടക്കും.