പൂനെ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ വമ്പന്‍ തോല്‍വിയിലേക്ക് നീങ്ങിയ ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു അക്‌സര്‍ പട്ടേലിന്‍റെ പ്രകടനം. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ താരം വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായാണ് പൊരുതിയത്. സൂര്യകുമാര്‍ യാദവിനെയും ശിവം മാവിയേയും കൂട്ടുപിടിച്ച് അടിച്ച് തകര്‍ത്ത താരം കനത്ത പോരാട്ടം നടത്തിയാണ് കീഴടങ്ങിയത്.
31 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സറും സഹിതം 65 റണ്‍സാണ് അക്‌സര്‍ അടിച്ച് കൂട്ടിയത്. ഇതോടെ ചില തകര്‍പ്പന്‍റെ റെക്കോഡുകളും സ്വന്തമാക്കാന്‍ അക്‌സറിന് കഴിഞ്ഞു. അന്താരാഷ്‌ട്ര ടി20യില്‍ ഏഴോ അതില്‍ താഴെയോ സ്ഥാനത്ത് ഇറങ്ങി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഉള്‍പ്പെടെയാണ് 28കാരന്‍ സ്വന്തമാക്കിയത്. പുറത്താവാതെ 44 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ റെക്കോഡാണ് അക്‌സര്‍ തകര്‍ത്തത്.
ഏഴോ അതില്‍ താഴെയോ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും അക്‌സര്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഏഴാം നമ്പറില്‍ ക്രീസിലെത്തി നാല് സിക്‌സുകള്‍ നേടിയ ദിനേശ് കാര്‍ത്തിക്കിന്‍റെ റെക്കോഡാണ് അക്സര്‍ പഴങ്കഥയാക്കിയത്. ആദ്യ എട്ട് പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രം നേടിയ അക്‌സര്‍ 20 പന്തിലാണ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഇതോടെ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് എത്താനും അക്‌സറിന് കഴിഞ്ഞു. 12 പന്തില്‍ അര്‍ധ സെഞ്ചുറി തിരച്ച യുവരാജ് സിങ്ങാണ് പട്ടികയില്‍ തലപ്പത്തുള്ളത്. അന്താരാഷ്‌ട്ര ടി20യില്‍ തന്‍റെ കന്നി അര്‍ധ സെഞ്ചുറി കൂടിയാണ് അക്‌സര്‍ ലങ്കയ്‌ക്കെതിരെ നേടിയത്. ഏഴാം നമ്പറിലെത്തി ഒരു ഇന്ത്യന്‍ താരം അര്‍ധ സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്. അതേസമയം മത്സരത്തില്‍ 16 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ അക്‌സർ പട്ടേൽ, സൂര്യകുമാർ യാദവ് (51) എന്നിവർക്ക് പുറമെ പാണ്ഡ്യ(12), ശിവം മാവി (25) എന്നിവർക്ക് മാത്രമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനുമായുള്ളൂ. ഇഷാന്‍ കിഷന്‍ (2), ശുഭ്‌മാന്‍ ഗില്‍ (5), രാഹുല്‍ ത്രിപാഠി (5), ദീപക് ഹൂഡ (9), എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ 56 റണ്‍സ് നേടിയ താരം ഒരു ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ലങ്ക ഇന്ത്യയ്‌ക്ക് ഒപ്പമെത്തി.
Also read:ഹാട്രിക് ഉള്‍പ്പെടെ ആകെ അഞ്ച് നോബോള്‍; നാണക്കേടിന്‍റെ റെക്കോഡിലേക്ക് മൂക്കുംകുത്തി അര്‍ഷ്‌ദീപ് സിങ്