മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയെന്നത് വളരെ അപൂര്‍വമായ നേട്ടമാണ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി നേടിയിട്ടും തൊട്ടടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നാലോ. ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ അവസ്ഥയാണിത്.
ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കം 210 റൺസാണ് ഇഷാന്‍ അടിച്ച് കൂട്ടിയിരുന്നത്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ് പുറത്തായ രോഹിത്തിന് പകരമെത്തിയാണ് ഇഷാന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും ഇഷാന്‍ കളിക്കുമെന്നാണ് കണക്കുകൂട്ടലുണ്ടായിരുന്നത്.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ താരത്തെ പുറത്തിരുത്താനുള്ള തീരുമാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചത്. മത്സരത്തില്‍ തന്‍റെ സഹ ഓപ്പണറായി ശുഭ്‌മാന്‍ ഗില്‍ എത്തുമെന്നാണ് രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇഷാനെ കളിപ്പിക്കാനാവില്ല എന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഗില്ലിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞിരുന്നു.
ഇഷാനെ പുറത്തിരുത്താനുള്ള മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുന്‍ താരങ്ങളായ ആകാശ് ചോപ്ര, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് കൈഫ് തുടങ്ങിയവരും 24കാരനായ ഇഷാനെ പുറത്തിരുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്.
അന്ന് കരുണ്‍, ഇന്ന് ഇഷാന്‍:ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന കരുണ്‍ നായരുടെ അവസ്ഥയോടാണ് ചോപ്ര ഇഷാനെ ഉപമിച്ചിരിക്കുന്നത്.
"സാധാരണയായി നിങ്ങള്‍ ഇരട്ട സെഞ്ചുറി നേടിയാല്‍ തൊട്ടടുത്ത മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വരാറില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്‌തമാണ്. ട്രിപ്പിള്‍ സെഞ്ചൂറിയന് പോലും അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് കരുണ്‍ നായരായിരുന്നു. എന്നാല്‍ ഇന്ന് ഇഷാന്‍ കിഷനാണ്" ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തു.