തിരുവനന്തപുരം : ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം നാളെ നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് കളി പിടിച്ചത്. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഡബിളടിച്ച ഇഷാനേയും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയ സൂര്യയേയും പുറത്തിരുത്തിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇഷാനും സൂര്യയും പ്ലേയിങ് ഇലവനിലെത്തുകയാണെങ്കില്‍ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യര്‍ക്കും വിശ്രമം നല്‍കിയേക്കും. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരകള്‍ നടക്കാനിരിക്കെ ഇരുവരുടേയും ഫിറ്റ്‌നസ് സംരക്ഷിക്കേണ്ടതുണ്ട്.
സ്‌പിന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനേയും പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനേയും പ്ലേയിങ് ഇലവനില്‍ പ്രതീക്ഷിക്കാം. ഇരുവരും ടീമിലെത്തിയാല്‍ അക്‌സര്‍ പട്ടേലിനും ഉമ്രാന്‍ മാലിക്കിനും പുറത്തിരിക്കേണ്ടി വരും.
പിച്ച് റിപ്പോര്‍ട്ട് : ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ച് ബോളർമാർക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. നേരത്തെ ഇവിടെ നടന്ന ഏക ഏകദിനത്തില്‍ വെസ്റ്റ് ഇൻഡീസിനെ 104 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു. പേസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രതീക്ഷിക്കുന്ന പിച്ചില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.