ഗുവാഹത്തി: വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് എന്നും പ്രധാന്യം നല്‍കുന്ന താരമാണ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ അര്‍ധ സെഞ്ച്വറി നേടാന്‍ അവസരമുണ്ടായിട്ടും ടീമിന്‍റെ നേട്ടത്തിന് മുന്‍തൂക്കം നല്‍കിയ താരം തന്‍റെ നിസ്വാർഥത ഒരിക്കല്‍ കൂടി കാട്ടിത്തന്നിരിക്കുകയാണ്.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യം ആരാധകരുടെ മനസ് കീഴടക്കുകയാണ്. കഗിസോ റബാദ എറിഞ്ഞ ഓവറിലെ മുഴുവന്‍ പന്തും നേരിട്ടത് ദിനേശ് കാര്‍ത്തിക്കാണ്. 28 പന്തില്‍ 49 റണ്‍സ് നേടിയ കോലി ക്രീസിലുണ്ടായിരുന്നു.
175 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചുകൊണ്ടിരുന്നത്. അര്‍ധ സെഞ്ച്വ റി തികയ്‌ക്കാന്‍ സിംഗിള്‍ വേണോയെന്ന് കാര്‍ത്തിക് ചോദിച്ചെങ്കിലും അടി തുടരാനാണ് കോലി ആവശ്യപ്പെട്ടത്.
ഓവറിലെ ആദ്യ പന്തിൽ പിഴച്ചെങ്കിലും അടുത്ത പന്തിൽ ദിനേശ് കാര്‍ത്തിക് ബൗണ്ടറി കണ്ടെത്തി. ഒരു ഡോട്ട് ബോളും ഒരു വൈഡുമാണ് പിന്നീടുണ്ടായത്. നാലാം പന്തില്‍ താരം സിക്‌സ് കണ്ടെത്തി. തുടര്‍ന്ന് നോണ്‍സ്‌ട്രൈക്കിലുള്ള കോലിക്ക് അടുത്തേക്ക് നടക്കുന്ന കാര്‍ത്തികിനെയാണ് കാണാന്‍ കഴിഞ്ഞത്.
അര്‍ധ സെഞ്ച്വറി തികയ്‌ക്കാന്‍ സിംഗിള്‍ വേണമോ എന്നായിരുന്നു താരം കോലിയോട് ചോദിച്ചത്. എന്നാല്‍ വേണ്ടെന്ന് പറഞ്ഞ കോലി സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഞ്ചാം പന്തിലും റബാദയെ സിക്‌സിന് പറത്തിയ കാര്‍ത്തിക് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്‌തു.