കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് 70 റണ്‍സിന്‍റെ ലീഡ്. നിലവിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 57 റണ്‍സ് നേടിയിട്ടുണ്ട്. ഒൻപത് റണ്‍സുമായി ചേതേശ്വർ പുജാരയും 14 റണ്‍സുമായി ക്യാപ്‌റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ. കെഎൽ രാഹുൽ(10) മായങ്ക് അഗർവാൾ(7) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്.
നേരത്തെ ഇന്ത്യയുടെ 223 റണ്‍സ് പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 210 റണ്‍സിൽ ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയാണ് പ്രോട്ടീസിന്‍റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. 72 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സണിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഒരു വിക്കറ്റ് നഷ്‌ടത്തിൽ 17 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലേ തന്നെ എയ്‌ഡൻ മാർക്രത്തിന്‍റെ വിക്കറ്റ് നഷ്‌ടമായി. 22 എടുത്ത താരത്തെ ബുംറ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.
പിന്നാലെ കേശവ് മഹാരാജിനെയും ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി. 25 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെ ക്രീസിൽ ഒന്നിച്ച കീഗന്‍ പീറ്റേഴ്‌സണും റാസി വാൻ ഡെർ ഡ്യൂസനും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി.