കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്ക്രറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 77.3 ഓവറിൽ 223 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കായി നായകൻ വിരാട് കോലി(79) മാത്രമാണ് പൊരുതി നിന്നത്. ചേതേശ്വർ പൂജാര (43) റണ്‍സുമായി മികച്ച പിന്തുണ നൽകി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് തന്നെ തകർച്ചയോടെയായിരുന്നു. 31റണ്‍സ് മാത്രമാണ് ഓപ്പണർമാർക്ക് കൂട്ടിച്ചേർക്കാനായത്. കെഎൽ രാഹുൽ(12), മായങ്ക് അഗർവാൾ(15) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. പിന്നാലെ ക്രീസിൽ ഒന്നിച്ച വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
ഇരുവരും ചേർന്ന് 62 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 95ൽ നിൽക്കെ ചേതേശ്വർ പുജാരയെ(43) ഇന്ത്യക്ക് നഷ്‌ടമായി. എന്നാൽ പിന്നാലെ ക്രീസിൽ ഒന്നിച്ച അജിങ്ക്യ രഹാനെ(9) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പിന്നാലെ എത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് കോലി സ്കോർ മെല്ലെ മുന്നോട്ട് കൊണ്ടുപോയി.
പിന്നാലെ കോലി കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി. എന്നാൽ ടീം സ്കോർ 167 ൽ നിൽക്കെ റിഷഭ് പന്തിനെ(27) ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ വന്ന ആർ അശ്വിനും(2) വളരെ പെട്ടന്ന് തന്നെ പുറത്തായി. അശ്വിന് പിന്നാലെ വന്ന ശാർദുൽ താക്കൂർ കോലിക്ക് പിന്തുണ നൽകി നിന്നെങ്കിലും 12 റണ്‍സെടുക്കുന്നതിനിടെ താക്കൂറും പുറത്തായി.
ALSO READ:Washington Sundar: വാഷിങ്ടണ്‍ സുന്ദറിന് കൊവിഡ്, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്‌ടമാകും
തൊട്ടു പിന്നാലെ വന്ന ജസ്പ്രീത് ബുംറ(0) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ പുറത്തായി. എന്നാൽ ഏവരേയും ഞെട്ടിച്ചു കൊണ്ട് 72-ാം ഓവറിൽ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കോലി പുറത്തായി. 79 റണ്‍സെടുത്ത കോലിയെ കാസിഗോ റബാഡയാണ് പുറത്താക്കിയത്.
പിന്നാലെയിറങ്ങിയ ഉമേഷ് യാദവും(4), മുഹമ്മദ് ഷമിയും(7) അൽപ സമയം പിടിച്ചു നിന്നെങ്കിലും 77-ാം ഓവറിൽ ഷമി പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി കാസിഗോ റബാഡ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മാർക്കോ ജാൻസെൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഡ്യുവാൻ ഒലിവർ, ലുംഗി എംഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.