ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വിവാദമായ ഡിആർഎസ് തീരുമാനത്തിനെതിരായ വിരാട് കോഹ്‌ലിയുടെ പ്രതികരണം പക്വതയില്ലാത്തതാണെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. ഇത്തരം പക്വതയില്ലാത്ത പ്രതികരണത്തിലൂടെ കോലി ഒരുക്കലും യുവാക്കൾക്ക് മാതൃകയാകില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ഇത് ശരിക്കും മോശമായ പ്രതികരണമാണ്. സ്റ്റമ്പ് മൈക്കിനടുത്ത് ചെന്ന് കോഹ്‌ലി ചെയ്തത്, അത് ശരിക്കും അപക്വമാണ്. ഇത് ഒരു അന്താരാഷ്ട്ര ക്യാപ്റ്റനിൽ നിന്ന്, ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതല്ല, ഗംഭീർ പറഞ്ഞു.
കൂടാതെ സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിനിടെ മായങ്ക് അഗർവാളിനും വിക്കറ്റിൽ നിന്ന് ഇളവ് ലഭിച്ചിരുന്നുവെന്നും എന്നാൽ ദക്ഷിണാഫ്രിക്കൻ നായകനിൽ നിന്ന് സമാനമായ പ്രതികരണം ഉണ്ടായില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
നാടകീയ നിമിഷങ്ങൾ
കഴിഞ്ഞ ദിവസം കേപ് ടൗണിൽ നടന്ന മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടാം ഇന്നിങ്സിലെ ഇരുപത്തിയൊന്നാം ഓവറിൽ ഡീൻ എൽഗാറിനെ ആർ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതിന് ശേഷമായിരുന്നു സംഭവം.
ഇന്ത്യൻ അപ്പീലിനെ തുടർന്ന് അംപയർ മറൈസ് ഇറസ്‌മസ് ഔട്ട് നൽകി. എന്നാൽ എൽഗാർ ആ തീരുമാനം റിവ്യൂ ചെയ്തു. റിവ്യൂവിൽ പന്ത് ലൈനിൽ പതിച്ചത് വളരെ വ്യക്തമായിരുന്നു.
എന്നാൽ പന്തിന്‍റെ റീപ്ലെ പരിശോധിച്ചപ്പോൾ പാഡിൽ തട്ടിയ പന്ത് സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് സ്റ്റംപിന് മുകളിലൂടെ പോകുന്ന കാഴ്‌ചയാണ് കാണാൻ സാധിച്ചത്. 'ഇങ്ങനെ സംഭവിക്കാൻ സാധ്യതയില്ല' എന്ന് അംപയർ പോലും പറഞ്ഞ് പോയി.
ALSO READ:IND VS SA: ചരിത്ര വിജയം കൈവിടുമോ? കേപ് ടൗണിൽ ഇന്ത്യ പരുങ്ങലിൽ, ജയിക്കാൻ വേണ്ടത് 8 വിക്കറ്റ്
ഇതോടെയാണ് ഇന്ത്യൻ താരങ്ങൾ രോക്ഷാകുലരായത്. 'നിങ്ങളുടെ താരങ്ങൾ പന്ത് മിനുക്കുമ്പോൾ ക്യാമറ അവർക്ക് നേരെയും തിരിക്കൂ. അല്ലാതെ എതിർ ടീമിനെ മാത്രം നോക്കിയാൽ മതിയോ' എന്നാണ് ക്യാപ്റ്റൻ കോലി സ്റ്റംപ്‌മൈക്കിന്‍റെ അടുത്തെത്തി പറഞ്ഞത്.
'ഞങ്ങൾ 11 പേർക്കെതിരെ ഈ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ' എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. ബ്രോഡ്‌കാസ്റ്റർമാരായ സൂപ്പർ സ്പോർട്ടിനെ വിമർശിച്ചായിരുന്നു അശ്വിൻ രംഗത്തെത്തിയത്. 'ജയിക്കാൻ ഇതിലും നല്ല മാർഗങ്ങൾ നോക്കും സൂപ്പർസ്പോർട്ട്' എന്നായിരുന്നു അശ്വിന്‍റെ പ്രതികരണം.
അതേസമയം സംഭവത്തെ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. പിച്ചിൽ അപ്രതീക്ഷിത ബൗണ്‍സ് ഉണ്ടായിരുന്നതിനാലാണ് പന്ത് ഇത്തരത്തിൽ മാറിയതെന്നാണ് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിലയിരുത്തിയത്.